ന്യൂഡല്‍ഹി: ഹരിയാണയിലെ പാനിപ്പത്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്‌കൂളില്‍ കുട്ടിക്ക് നേരെ ക്രൂര പീഡനം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴുവയസ്സുകാരനെ സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ഹോംവര്‍ക്ക് ചെയ്യാത്തതിനാണ് കുട്ടിക്ക് ഇങ്ങനെ ശിക്ഷ നല്‍കിയതെന്ന് പറയുന്നു. സംഭവം പുറത്തുവന്നതോടെ കുട്ടിയുടെ അമ്മ ഡോളി പോലീസില്‍ പരാതി നല്‍കി. കുട്ടിയെ ഈ അടുത്ത ഇടയ്ക്കാണ് സ്‌കൂളില്‍ ചേര്‍ത്തതെന്നും അമ്മ പറഞ്ഞു.

ഡ്രൈവര്‍ അജയിയെ വിളിച്ചുവരുത്തിയത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീനയാണെന്ന് മാതാവ് ആരോപിച്ചു. അജയി തന്നെ വീഡിയോ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചതാണെന്നും പിന്നീട് അത് കുടുംബത്തിന്റെ കൈകളിലെത്തിയതാണെന്നുമാണ് വിവരം. കുട്ടികളെ ക്ലാസ് റൂമില്‍ വച്ച് തുടരെ മുഖത്തടിക്കുന്ന റീനയുടെ മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ സഹപാഠികളായ രണ്ട് പേരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ശിക്ഷ നല്‍കിയതെന്നും മാതാപിതാക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം. തന്റെ പ്രവര്‍ത്തികളെ ന്യായീകരിച്ചാണ് അവര്‍ എല്ലാത്തിനും മറുപടി പറഞ്ഞത്.

ഈ സ്‌കൂളില്‍ ശിക്ഷയായി കുട്ടികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് പല രക്ഷിതാക്കളും ആരോപിക്കുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചോദ്യം ചെയ്യലില്‍ ഡ്രൈവറോട് കുട്ടിയെ ശകാരിക്കാന്‍ പറഞ്ഞിരുന്നുവെന്ന് റീന സമ്മതിച്ചു. അതേസമയം, ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് മുന്‍പ് തന്നെ നിരവധി പരാതികള്‍ വന്നതിനാല്‍ ഓഗസ്റ്റില്‍ തന്നെ ഇയാളെ പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വീഡിയോ പുറത്തുവന്നതിന് ശേഷം അജയ് പരാതിക്കാരെ ഭീഷണിപ്പെടുത്താന്‍ ആളുകളെ അയച്ചുവെന്നാണ് പുതിയ ആരോപണം.