- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറും അതിര്‍ത്തി ഗ്രാമങ്ങളും പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ? 13 വര്‍ഷത്തിനിടയില്‍ മരിച്ചത് 28 കുട്ടികള്‍ ആത്മഹത്യ ചെയ്തെന്ന ഹര്‍ജിയില്‍ നടുക്കം; 14 പേരുടെ മരണത്തില്‍ ദുരൂഹതയെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍; 12 പേരുടെ മരണം 'ആക്സിഡന്റല്‍ ഹാങിങ്' എന്ന് റിപ്പോര്‍ട്ട്
വാളയാറും അതിര്‍ത്തി ഗ്രാമങ്ങളും പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ?
പാലക്കാട്: അതിര്‍ത്തി ഗ്രാമങ്ങളില്‍ 2010 നും 2023 നുമിടയില്‍ പതിമൂന്നു വയസിനു താഴെയുള്ള 28 കുട്ടികള്‍ മരിച്ചതില്‍ ദുരൂഹതയേറുന്നു. എല്ലാപേരും തൂങ്ങിമരിച്ചതാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അവ്യക്തതകള്‍ ഏറെയാണെന്നും പതിനാലുപേര്‍ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍. മരിച്ച 14 പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടുപേര്‍ മരിച്ചത് ഊഞ്ഞാല്‍ ആടിയപ്പോഴും അയയില്‍ തുണി വിരിക്കാന്‍ പോയപ്പോള്‍ കഴുത്തില്‍ കയര്‍ കുടുങ്ങിയെന്നും (ആക്സിഡന്‍്റല്‍ ഹാങിങ്) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിചിത്ര കണ്ടെത്തല്‍. വാളയാറും സമീപത്തുമായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ചാര്‍ജു ചെയ്യപ്പെട്ട 41 പോക്സോ കേസുകളില്‍ ഭൂരിഭാഗവും ഒത്തുതീര്‍പ്പാക്കി പോലീസ്.
പാലക്കാട് വാളയാര്‍, കൊല്ലങ്കോട്, കുഴല്‍മന്ദം, കോങ്ങാട്, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നടന്ന 28 തൂങ്ങിമരണങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചാണ് സാമൂഹ്യ പ്രവര്‍ത്തകരായ സലില്‍ മുഹമ്മദ്, ഫാ. അഗസ്റ്റിന്‍ വട്ടോളി, വിളയോടി വേണുഗോപാല്‍, കെ. വാസുദേവന്‍, വി.എം മാര്‍സന്‍ എന്നിവര്‍ അന്വേഷണം നടത്തിയത്. സംശയങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന്‍െ്റയും ബാലാവകാശ കമ്മീഷന്‍െ്റയും വിശദീകരണം തേടിയിരുന്നു.
28 പേര്‍ മരിച്ചതില്‍ പതിനാലുപേര്‍ പെണ്‍കുട്ടികളായിരുന്നു. 26 പേര്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതില്‍ 14 പേരുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ ലൈംഗിക അതിക്രമം നടന്നതാണോയെന്ന സംശയമാണ് നിലനില്‍ക്കുന്നത്. ഇവര്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിരുന്നോയെന്ന സംശയവുമുണ്ട്. അതുകൊണ്ടാണ് വിശദമായ പുനരന്വേഷണം സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
തുണി വിരിക്കുന്ന അയയില്‍ നിന്നോ ഊഞ്ഞാലില്‍ നിന്നോ കയര്‍ കുരുങ്ങിയുള്ള ആകസ്മിക മരണങ്ങളായി കണ്ടെത്തിയിട്ടുള്ളത് പന്ത്രണ്ടുപേരെയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ പുറംലോകം അറിയുന്നില്ലെന്ന ആരോപണം മുന്‍പു തന്നെയുള്ളതാണ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകള്‍ പിന്നീട് ഒതുക്കിത്തീര്‍ക്കുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
പാലക്കാട് ജില്ലയിലെ വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വാളയാറിലും പരിസരങ്ങളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 403 പോക്സോ കേസുകളാണ്. വാളയാറില്‍ മരിച്ച ഇരട്ട സഹോദരിമാരുടെ അമ്മയുടെ കുടുംബത്തില്‍ പോലും സമാന സ്വഭാവമുള്ള അസ്വാഭാവിക മരണങ്ങള്‍ ഏറെക്കാലം മുന്‍പെ ഉണ്ടായിട്ടുണ്ട്.
17 ഉം 11 ഉം വയസുള്ള രണ്ടു സഹോദരിമാര്‍ 1996 ഫെബ്രുവരി 22ന് ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരുടെയും മരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സി.ബി.ഐയുടെ 101 പേജുള്ള കുറ്റപത്രത്തില്‍ 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി പ്രത്യേകം എടുത്തു പറയുന്നുണ്ട്. ജീവനൊടുക്കിയ കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ വാളയാറിലെ ഇരട്ട സഹോദരിമാരുടെ ആത്മഹത്യമായി ബന്ധപ്പെടുത്തിയാണ് വിവരിക്കുന്നത്.
കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ തമിഴ്നാട് - കേരള അതിര്‍ത്തി ഗ്രാമങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കെതിരായി നടക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ഭീകരതയെക്കുറിച്ച് സിബിഐ കുറ്റപത്രത്തില്‍ വിവരിച്ചിരുന്നു. വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ബലിത്തറയെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നിരക്ഷരരും പാവപ്പെട്ടവരുമായ പ്രദേശവാസികള്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ ക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല.
അതിലുപരി നിയമ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയും ചൂഷകര്‍ പരമാവധി മുതലെടുക്കുന്നുണ്ട്. വാളയാര്‍ സംഭവത്തിനു ശേഷം ഈ പ്രദേശത്തു നിന്ന് ഇത്തരത്തിലുള്ള ചുരുക്കം ചില കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇരട്ട സഹോദരിമാരുടെ ജീവത്യാഗം സൃഷ്ടിച്ച വിവാദം നിമിത്തമാണ് ഇത്തരം കേസുകള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യാനിടയായതെന്നായിരുന്നു സിബിഐയുടെ അഭിപ്രായം.