- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദേശീയപാതയില്‍ ലോറി കുറുകെ ഇട്ട് സ്വര്‍ണ്ണവേട്ട! ചില്ല് തകര്‍ത്ത് മുളകുപൊടി എറിഞ്ഞും കത്തിമുനയില്‍ നിര്‍ത്തിയും കവര്‍ന്നത് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം; എട്ടിമട കൊള്ളയുടെ 'മാസ്റ്റര്‍ ബ്രെയിന്‍' മരട് അനീഷ് കുടുങ്ങിയപ്പോള്‍ പിന്നാലെ തമിഴ്നാട് പോലീസ്; 'ചതി' ഭയന്ന് ബന്ധുക്കള്‍!
എട്ടിമട കൊള്ളയുടെ 'മാസ്റ്റര്‍ ബ്രെയിന്‍' മരട് അനീഷ് കുടുങ്ങിയപ്പോള്‍ പിന്നാലെ തമിഴ്നാട് പോലീസ്

കൊച്ചി: കേരളത്തെയും തമിഴ്നാടിനെയും വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ ഹൈക്കോടതി റിമാന്‍ഡ് ചെയ്തു. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് 2025-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പനമ്പുകാട് വെച്ച് മുളവുകാട് പോലീസ് നാടകീയമായി പിടികൂടിയ അനീഷിനെ വിട്ടുകിട്ടാനായി തമിഴ്നാട് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 ന് കോയമ്പത്തൂരിലെ എട്ടിമട ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയലാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്.
കോയമ്പത്തൂരിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്
തൃശൂര്‍ സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം 1.25 കിലോ സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. ഈ അഞ്ചംഗ സംഘത്തില്‍ മരട് അനീഷും ഉണ്ടായിരുന്നു. അന്ന് മൂന്നുപ്രതികളെയാണ് പിടികൂടിയത്. മരട് അനീഷും മറ്റൊരു പ്രതിയും ഒളിവിലായിരുന്നു.
തൃശൂര്‍ ജില്ലയിലെ പാലക്കല്‍ സ്വദേശിയും സ്വര്‍ണ്ണാഭരണ ശാലയുടെയും നിര്‍മ്മാണ യൂണിറ്റിന്റെയും ഉടമയുമായ ജെ. ജെയ്സണ്‍ ജേക്കബിനെ (55) ആക്രമിച്ചാണ് കവര്‍ച്ച നടത്തിയതെന്ന് കോയമ്പത്തൂരിലെ കെ.ജി ചാവടി പോലീസ് വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ വിവിധ കടകളില്‍ നിന്ന് വാങ്ങിയ 1.25 കിലോ സ്വര്‍ണ്ണവുമായി ചെന്നൈയില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ജെയ്സണും ജീവനക്കാരനായ വിഷ്ണുവും (20). അവിടെ നിന്ന് കാറില്‍ തൃശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയില്‍ ഒരു പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ ലോറി കുറുകെ ഇട്ട് സംഘം കാര്‍ തടഞ്ഞു. സമീപത്ത് ഒളിച്ചിരുന്ന അഞ്ചംഗ സംഘം ജെയ്സണോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ജെയ്സണ്‍ വിസമ്മതിച്ചപ്പോള്‍ സംഘത്തിലൊരാള്‍ ഇരുമ്പ് വടികൊണ്ട് കാറിന്റെ ചില്ല് തകര്‍ത്തു. ആക്രമണം ഭയന്ന ജെയ്സണ്‍ വാതില്‍ തുറന്നതോടെ സംഘം കാറിനുള്ളില്‍ അതിക്രമിച്ചു കയറി.
'കാര്‍ ഓടിച്ചിരുന്ന ജെയ്സണെ സംഘം പിന്നിലെ സീറ്റിലേക്ക് മാറ്റിയിരുത്തുകയും സംഘാംഗങ്ങളില്‍ ഒരാള്‍ കാര്‍ ഓടിക്കുകയും ചെയ്തു. തുടര്‍ന്ന് മുളകുപൊടി സ്‌പ്രേ ചെയ്ത ശേഷം കത്തിമുനയില്‍ നിര്‍ത്തി സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണക്കട്ടികള്‍ കവര്‍ന്നു. ജെയ്സണെയും വിഷ്ണുവിനെയും വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം അതേ കാറില്‍ വേലന്താവളം വഴി കടന്നുകളഞ്ഞു,' കെ.ജി ചാവടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറ്റ് വാഹനയാത്രികരുടെ സഹായത്തോടെ ജെയ്സണ്‍ കെ.ജി ചാവടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 'അക്രമികള്‍ മലയാളത്തിലാണ് സംസാരിച്ചിരുന്നത് എന്നതിനാല്‍ ഇവര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് മനസ്സിലായിരുന്നു. രാവിലെ 6.45-ഓടെ കാര്‍ കൈക്കലാക്കിയ സംഘം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ജെയ്സണെയും വിഷ്ണുവിനെയും ആക്രമിച്ചത്. കാറിലുണ്ടായിരുന്ന 60,000 രൂപയും സംഘം കവര്‍ന്നിട്ടുണ്ട്. കോയമ്പത്തൂര്‍ എസ്പി അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടികൂടാന്‍ കേരള പോലീസുമായി ചേര്‍ന്നാണ് കോയമ്പത്തൂര്‍ പൊലീസ് അന്വേഷണം നടത്തി വന്നത്.
ഹണിട്രാപ്പ് താവളത്തിലെ നാടകീയ അറസ്റ്റ്
കൊച്ചിയിലെ പ്രമുഖ സ്പായുടെ മറവില്‍ ഹണിട്രാപ്പ് നടത്തിവന്ന അനുപമ രഞ്ജിത്തിനെ തേടിയെത്തിയ പോലീസിന് മുന്നിലേക്കാണ് അപ്രതീക്ഷിതമായി മരട് അനീഷ് വന്നുപെട്ടത്. 2020-ല്‍ ഇടപ്പള്ളിയില്‍ വെച്ച് ഡോക്ടറെ നഗ്‌നനാക്കി ഫോട്ടോയെടുത്ത് അഞ്ച് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അനുപമ. അനീഷ് ഈ സ്പാകളുടെ ബെനാമി ഉടമയാണെന്ന ആരോപണം ശക്തമാണ്. ഇരുവരും ചേര്‍ന്ന് അടുത്ത ഹണിട്രാപ്പിന് പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായതെന്ന് പോലീസ് സൂചിപ്പിക്കുന്നു.
2025ലെ പുതിയ കേസുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് അനീഷിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതി റിമാന്‍ഡ് ചെയ്തത്. അതേസമയം, തമിഴ്നാട്ടിലെ ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ ചാവടി പോലീസ് ഇയാളെ വിട്ടുകിട്ടാന്‍ കടുത്ത ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ അനീഷിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തമിഴ് പോലീസിന് വിട്ടുനല്‍കരുതെന്നും ആവശ്യപ്പെട്ട് അനീഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


