ആഗ്ര: വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പ്രൊഫസർക്കെതിരെ കടുത്ത നടപടി. പാതിരാത്രി വീഡിയോ കോൾ വഴി വന്ന് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നാണ് ഉയരുന്ന പ്രധാന ആരോപണം. നൈറ്റ് വീഡിയോ കോളിൽ വന്ന് വിദ്യാര്‍ത്ഥിനിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ ഭയന്നുപോയ പെൺകുട്ടി പ്രൊഫസർക്കെതിരെ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സർക്കാർ കോളേജ് പ്രൊഫസർ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ലൈംഗികാതിക്രമ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. മുസാഫർനഗറിൽ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.

ബിഎസ്‌സി അവസാന വർഷ വിദ്യാർത്ഥിനിയായ 24 വയസുകാരി കുടുംബാംഗങ്ങൾക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങൾക്കുമൊപ്പം കോളേജിലെത്തി പ്രതിഷേധിക്കുകയായിരുന്നു. കാമ്പസിൽ പ്രതിഷേധം നടത്തിയ ശേഷം അവർ പ്രൊഫസർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തി പ്രതിയായ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി (സിറ്റി) രാജു കുമാർ വ്യക്തമാക്കി.

ബിഎൻഎസ് വകുപ്പ് 75 (2) (ലൈംഗികാതിക്രമം) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫസർ ഏറെക്കാലമായി അർദ്ധരാത്രിയുള്ള കോളുകളിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറഞ്ഞു.

പ്രൊഫസര്‍ അർദ്ധരാത്രിയോടെ വിളിച്ച് വീഡിയോ കോളിൽ വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. വിസമ്മതിച്ചപ്പോൾ, പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നോ പരീക്ഷാ ഫലങ്ങൾ വൈകിപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തും. ഭയപ്പെട്ടിരുന്നുവെങ്കിലും ഒടുവിൽ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രൊഫസറുടെ മോശം പെരുമാറ്റത്തിന്‍റെ തെളിവായി തന്‍റെ പക്കൽ വോയിസ് റെക്കോർഡിംഗുകൾ ഉണ്ടെന്നും വിദ്യാർത്ഥിനി അവകാശപ്പെട്ടു.

വിദ്യാർത്ഥിനിയിൽ നിന്ന് പരാതി ലഭിച്ചതായും തുടർന്ന് ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതായും കോളേജ് പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. വിദ്യാർത്ഥിനി ഇതിനുമുമ്പ് ഒരു ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിരുന്നില്ല. ഇപ്പോൾ ഔദ്യോഗിക പരാതി ലഭിച്ചതിനാൽ, യൂണിവേഴ്സിറ്റി നിയമങ്ങൾക്കനുസരിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.