ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യത പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റും റദ്ദാക്കി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവങ്ങളുണ്ടായത്. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. കത്തിയാക്രമണത്തില്‍ വിദ്യാര്‍ഥിക്ക് തുടയില്‍ കുത്തേറ്റു. കുട്ടിയുടെ ആരോഗ്യനില അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമിച്ച കുട്ടിയെയും പിതാവിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നാലോളം കാറുകള്‍ തീവെച്ചു. നഗരത്തിലെ ബാപ്പൂ ബസാര്‍, ഹാത്തിപോലെ, ചേതക് സര്‍ക്കിള്‍ അടക്കമുള്ള മേഖലകളിലെ മാര്‍ക്കറ്റുകള്‍ അടച്ചു.

ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ജനം തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് നീക്കി. നഗരം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും കലക്ടര്‍ അറിയിച്ചു വ്യാജ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കലക്ടര്‍ അറിയിച്ചു.

പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമല്ലെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും കലക്ടര്‍ അറിയിച്ചു. ജനം വ്യാജ പ്രചരണങ്ങളില്‍ വീഴരുത്. കുട്ടിയെ കുത്തിപരുക്കേല്‍പ്പിച്ചയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും കലക്ടര്‍ അറിയിച്ചു.