തൃശ്ശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഔസേപ്പിനെതിരെ ആരോപണവുമായി പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്. ഹോട്ടല്‍ ഉടമ ഔസേപ്പിന്റെ കയ്യില്‍ നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമാണ്. ആശുപത്രി ചിലവിനായാണ് പണം വാങ്ങിയത്. അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പറഞ്ഞത് കള്ളമാണെന്നും ഔസേപ്പിന്റെ കടയില്‍ ജോലി നല്‍കാം എന്ന് പറഞ്ഞത് കൊണ്ടാണ് പരാതി പിന്‍വലിച്ചതെന്നും ദിനേശ് പറഞ്ഞു. ഔസേപ്പ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും ദിനേശ് പറഞ്ഞു.

ഹോട്ടലില്‍ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കല്‍ ഉണ്ടെന്നുമാണ് ദിനേശ് പറയുന്നത്. അതുകൊണ്ടാണ് എസ്‌ഐ ഔസേപ്പിനെയും ജീവനക്കാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് ദിനേശന്റെ വാദം. തുടര്‍ന്ന് നടത്തിയ സന്ധി സംഭാഷണത്തില്‍ തനിക്ക് ജോലി നല്‍കാമെന്നും വീട്ടിലേക്ക് വരണം എന്നും പറഞ്ഞ് വിളിച്ചുകൊണ്ടു പോവുകയായിരു, പണമടക്കുന്ന കവര്‍ എന്റെ കയ്യില്‍ തന്നെങ്കിലും പിന്നീടത് കാറില്‍ വച്ച് അവരുടെ ഡ്രൈവര്‍ തന്നെ തിരികെ വാങ്ങിച്ചു. 5000 രൂപ മാത്രമാണ് ചികിത്സാചെലവില്‍ എന്ന് പറഞ്ഞ് കയ്യില്‍ വച്ചുതന്നത്. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പായ ശേഷം ബാക്കി നല്‍കാമെന്നാണ് പറഞ്ഞത് എന്നാണ് ദിനേശ് പറഞ്ഞത്.

എന്നാല്‍ ദിനേശിന്റെ വാദങ്ങളെ ഹോട്ടല്‍ ഉടമ ഔസേപ്പ് തള്ളിക്കളഞ്ഞു. തന്റെ വീടിന്റെ മുന്‍പില്‍ വെച്ചാണ് 5 ലക്ഷം രൂപ കൊടുത്തത്.അന്പത്തിനായിരത്തിന്റെ കെട്ടുകളാണ് കൊടുത്തത്. 4 ലക്ഷം രൂപ പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് നല്‍കിയത് അതിന് ശേഷം നാല് ലക്ഷം പോരെ എന്ന് താന്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് പോരെന്നും 5 ലക്ഷം തന്നെ വേണമെന്നും അതില്‍ മൂന്ന് ലക്ഷം രൂപ പൊലീസുകാര്‍ക്കുള്ളതാണെന്നും തനിക്ക് ഇതില്‍ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളുവെന്നുമാണ് ദിനേശ് തന്നോട് പറഞ്ഞത്. തന്റെ വീട്ടില്‍ തനിക്കൊപ്പം ആ സമയത്ത് തന്റെ ഡ്രൈവറും കൂടെ ഉണ്ടായിരുന്നുവെന്ന് ഔസേപ്പ് പറഞ്ഞു.

പണവുമായി ദിനേശിന്റെ കാറില്‍ തന്നെയാണ് താന്‍ പീച്ചി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. പണം കാറില്‍ വെച്ച് ലോക്ക് ചെയ്തതിന് ശേഷമാണ് ദിനേശ് സ്റ്റേഷനിലേക്ക് കയറിപോയതും പരാതിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതും. പിന്നീടാണ് അര മണിക്കൂര്‍ കഴിഞ്ഞ് തന്റെ ജീവനക്കാരെയും മകനെയും പൊലീസുകാര്‍ വിട്ടയച്ചത്. തന്റെ ബിസിനസ്സിലെ തലേ ദിവസത്തെ പണമാണ് ദിനേശിന് കൊടുത്തിട്ടുള്ളത് ഔസേപ്പ് കൂട്ടിച്ചേര്‍ത്തു.

ദിനേശ് ഇതിന് മുന്‍പ് നിന്നിട്ടുള്ള ഹോട്ടലില്‍ നിന്ന് പ്രശ്‌നം ഉണ്ടാക്കി ഇറങ്ങിയതാണ്. ബിരിയാണി സ്‌പെഷ്യലിസ്റ്റ് ആണെന്നാണ് ഇയാള്‍ പറയുന്നത്. ഹോട്ടലുകളില്‍ച്ചെന്ന് പ്രശ്‌നം ഉണ്ടാക്കി പണം വാങ്ങുന്നതാണ് ഇയാളുടെ പ്രധാന പരിപാടിയെന്നും ഔസേപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ പീച്ചിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കും മര്‍ദനം നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഔസേപ്പ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ദിനേശന്റെ പരാതിയിലാണ് ഇവരെ സ്റ്റേഷനില്‍ എത്തിച്ചത്. ഭക്ഷണം മോശമാണെന്ന് പരാതിപറഞ്ഞ ദിനേശനെ ഹോട്ടല്‍ ജീവനക്കാര്‍ അടിച്ചെന്നായിരുന്നു പരാതി.

സ്റ്റേഷനിലെത്തിച്ച ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്. സംഭവത്തില്‍ എസ്‌ഐ പി എം രതീഷ് ഫ്ളാസ്‌ക് കൊണ്ട് തല്ലാന്‍ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാന്‍ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.

ജീവനക്കാരേയും മകനേയും ലോക്കപ്പിലാക്കി തന്നെ സമ്മര്‍ദത്തിലാക്കി. ഭക്ഷണം മോശമാണെന്ന് പരാതിപറഞ്ഞ ദിനേശന്‍ എന്നയാള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ വധശ്രമത്തിനും പോക്‌സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലില്‍ അടക്കുമെന്നും അതൊഴിവാക്കാന്‍ പണം നല്‍കി സെറ്റില്‍മെന്റ് നടത്തണമെന്നും എസ്‌ഐ ആവശ്യപ്പെട്ടു എന്നും ഔസേപ്പ് പ്രതികരിച്ചിരുന്നു.