ലഖ്‌നൗ: ഫോണിലൂടെ യുവതി നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരം വിപ്രജ് നി​ഗം. തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് യുവതി നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വിപ്രജ് നിഗം പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശ് താരമായ വിപ്രജ് ബരാബങ്കി കോട്‌വാലി പൊലീസിനാണ് പരാതി നൽകിയത്.

അതേസമയം, തന്നെ നോയിഡയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ബന്ധപ്പെട്ടെന്നും പിന്നീട് തർക്കമുണ്ടായെന്നും യുവതി പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയുമായി വിപ്രജ് നിഗവും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയും നിലവിൽ ഉത്തർപ്രദേശ് ടീമിനായി കളിക്കുകയും ചെയ്യുന്ന വനിതാ ക്രിക്കറ്റ് താരവുമായുള്ള തർക്കമാണ് പരാതിക്കു പിന്നിലെന്നാണ് വിവരം. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ബന്ധത്തിലെ തർക്കങ്ങളെ തുടർന്നാണ് സംഭവം പുറത്തുവരുന്നത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ക്രിമിനൽ കേസിൽ കുടുക്കുമെന്നും താരം ചൂണ്ടിക്കാട്ടി. തുടക്കത്തിൽ ഒരു മൊബൈൽ നമ്പറിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചെങ്കിലും പിന്നീട് നിരവധി വിദേശ നമ്പറുകളിൽ നിന്നും സമാനമായ കോളുകൾ വന്നതായും താരം പരാതിയിൽ വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ, വിപ്രജ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും പിന്നീട് വിവാഹം കഴിക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ നിന്ന് ബ്ലോക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു.

രൂക്ഷമായ തർക്കത്തിനിടെ തന്നെ ഹോട്ടൽ മുറിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു. വിപ്രജിൻ്റെ അമ്മയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിംഗുകളും വിപ്രജിനൊപ്പമുള്ള മറ്റ് റെക്കോർഡിംഗുകളും തന്റെ പക്കൽ ഉണ്ടെന്ന് യുവതി അവകാശപ്പെട്ടു. രണ്ടുപേരുടെയും പരാതികളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിച്ചു വരികയാണ്.