- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രണ്ട് കാലുകളും ചിതറി തെറിച്ചു; പ്ലാറ്റ്ഫോമിൽ ദയനീയ നോട്ടവുമായി രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിആർപി കോൺസ്റ്റബിൾ; ജീവൻ പോകുന്ന വേദന ഉള്ളിലൊതുക്കി ഇനിയെന്ത് ചെയ്യുമെന്ന അവസ്ഥ; ഒരു കള്ളൻ കാരണം പാവത്തിന് സംഭവിച്ചത്

ഗോണ്ട: ഗോണ്ട റെയിൽവേ സ്റ്റേഷനിൽ കള്ളനെ പിന്തുടരുന്നതിനിടെ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് ജിആർപി (റെയിൽവേ പോലീസ്) കോൺസ്റ്റബിളിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ദാരുണമായ സംഭവത്തിൽ 29 വയസ്സുകാരനായ ആകാശ് സിങ്ങിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്ലാറ്റ്ഫോമിൽ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന ആകാശിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആകാശ് സിങ്ങിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക ചികിത്സകൾക്കായി ഗോണ്ട മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ലഖ്നൗ ട്രോമ സെന്ററിലേക്ക് മാറ്റി.
പുലർച്ചെ 12 മണിയോടെ ഗോണ്ട റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. യാത്രക്കാരന്റെ പണം മോഷ്ടിക്കാൻ ശ്രമിച്ച 35 വയസ്സുകാരനായ സുനിൽ കുമാർ എന്നയാളെയാണ് കോൺസ്റ്റബിൾ ആകാശ് സിങ് പിന്തുടർന്നത്. പണം മോഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്ലാറ്റ്ഫോമിൽ രണ്ട് യുവാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആകാശ് സിങ് ഇടപെടുകയും ഇരുവരെയും ജിആർപി സ്റ്റേഷന് പുറത്തേക്ക് ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നിരപരാധിയായ ഒരു യുവാവിനെ വിട്ടയച്ച കോൺസ്റ്റബിൾ, സുനിൽ കുമാറിനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചു.
ഈ സമയം ലഖ്നൗവിലേക്ക് പോവുകയായിരുന്ന ദിബ്രുഗഡ്-ചണ്ഡീഗഡ് എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി നീങ്ങാൻ തുടങ്ങിയിരുന്നു. ഈ തക്കം മുതലാക്കി സുനിൽ കുമാർ ആകാശ് സിങ്ങിന്റെ പിടിയിൽ നിന്ന് കുതറിമാറി ഓടുന്ന ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. സുനിലിന് പിന്നാലെ ഓടിയ ആകാശ്, ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ആകാശിന്റെ രണ്ട് കാലുകളും അറ്റുപോയെങ്കിലും, ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പൊതുജനങ്ങളും മറ്റ് പോലീസുദ്യോഗസ്ഥരും ചേർന്ന് സുനിൽ കുമാറിനെ പിടികൂടുകയായിരുന്നു. സത്യസന്ധമായ ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ ആകാശ് സിങ് മരണത്തോട് മല്ലിടുമ്പോഴും, കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചത് ആശ്വാസമായി.


