- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഊട്ടിയില്‍ നിന്ന് കാര്‍ കവര്‍ന്ന് കടത്തിയെന്ന് സംശയ; നെട്ടൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത കണ്ടെയ്‌നര്‍ ലോറിയില്‍ ദുരൂഹത; രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേര് പിടിയില്‍; സ്റ്റേഷനിലെ ശുചിമുറിയുടെ ജനലിളക്കി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍; തൃശൂരിലെ എടിഎം കവര്‍ച്ച സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും
നെട്ടൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത കണ്ടെയ്‌നര്‍ ലോറിയില്‍ ദുരൂഹത
കൊച്ചി: എറണാകുളം നെട്ടൂരില്‍ നിന്നും കണ്ടെയ്‌നര്‍ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പൊലീസുകാര്‍ പുറത്ത് കാത്തുനില്‍ക്കേ സ്റ്റേഷനിലെ ശുചിമുറിയുടെ ജനലിളക്കി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അന്ന് പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാര്‍ കടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു കണ്ടെയ്‌നര്‍ ലോറി ഇതുവഴി പോകുന്നുവെന്നായിരുന്നു ലഭിച്ച വിവരം. പുലര്‍ച്ചെ 4:30-ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോള്‍ ഗ്യാസ് കട്ടറടക്കമുള്ളവ ഇതില്‍നിന്ന് കണ്ടെത്തി. സംശയാസ്പദകരമായ സാഹചര്യത്തിലായതിനാല്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
ഊട്ടിയില്‍ നിന്ന് കാര്‍ കവര്‍ന്ന് കടത്തിയെന്ന് സംശയത്തിലാണ് എറണാകുളം പനങ്ങാട് കണ്ടെയ്‌നര്‍ ലോറി കസ്റ്റഡിയിലെടുത്തത്. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലായിരുന്നു കണ്ടെയ്‌നര്‍ ലോറി. കവര്‍ച്ചാ സംഘമെന്ന സംശയത്തെ തുടര്‍ന്നാണ് പനങ്ങാട് പോലീസ് ഇന്നലെ ഒരു കണ്ടെയ്‌നര്‍ ലോറിയെയും മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പനങ്ങാട് നെട്ടൂര് വെച്ചായിരുന്നു ഇവരെ കണ്ടെയ്‌നര്‍ തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചാ സംഘമാണ് എന്നായിരുന്നു പോലീസിന് രഹസ്യ വിവരം ലഭിച്ചത്. പാലിയേക്കര ടോള്‍ പ്ലാസ കടന്നു പോയതിനുശേഷം കണ്ടെയ്‌നറിനെ പോലീസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പിന്നീട് കണ്ടെയ്‌നര്‍ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതില്‍ ഒരാള്‍ക്ക് രാത്രിയില്‍ ബാത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ ബാത്‌റൂമില്‍ എത്തിച്ചു. പിന്നാലെ സ്റ്റേഷനിലെ ബാത്‌റൂം അകത്തുനിന്ന് ലോക്ക് ചെയ്തതിനുശേഷം ജനല്‍ പൊളിച്ചാണ് പുറത്ത് താടി രക്ഷപ്പെടുകയായിരുന്നു. ബാക്കി രണ്ടുപേരും ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമായിരിക്കും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുക. കണ്ടെയ്‌നര്‍ പോലീസ് തുറന്ന് പരിശോധിച്ചിരുന്നു. കണ്ടെയ്‌നറിനകത്തുനിന്ന് ഗ്യാസ് കട്ടറുകള്‍ അടക്കമുള്ള വസ്തുക്കള്‍ പോലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കവര്‍ച്ചാ സംഘമാണ് എന്നുള്ള നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പനങ്ങാട് പോലീസ് ഉള്ളത്.