ജലൗൺ: വീട്ടുകാർ വിവാഹത്തിന് അനുമതി നൽകാത്തതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കൾ ആത്മഹത്യാശ്രമം നടത്തി. മാർച്ച് 10, ചൊവ്വാഴ്ച രാത്രി ഒറായ് കോട്‌വാലി പോലീസ് സ്റ്റേഷൻ കവാടത്തിന് സമീപമാണ് നാടകീയ സംഭവങ്ങളുണ്ടായത്. ശരീരത്തിൽ ഡീസൽ ഒഴിച്ച ഇരുവരും വിവാഹത്തിന് അനുവദിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

പോലീസ് സ്റ്റേഷന് മുന്നിലെ റോഡിലിരുന്ന് പ്രതിഷേധിച്ച കമിതാക്കൾ തങ്ങളുടെ വിവാഹം ഉടൻ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആജ് തകിന്റെ റിപ്പോർട്ട് പ്രകാരം, ഒറായ് മേഖലയിൽ താമസിക്കുന്ന യുവാവും യുവതിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇരു കുടുംബങ്ങളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവർ ആത്മഹത്യാശ്രമം നടത്തിയത്.

കുടുംബാംഗങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് ഇരുവരും ഈ കടുംകൈക്ക് മുതിർന്നത്. വിവരം അറിഞ്ഞയുടൻ സ്റ്റേഷൻ ഓഫീസറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ അനുനയ ചർച്ചകൾക്കൊടുവിൽ, കമിതാക്കളുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, കമിതാക്കൾ ഡീസൽ ഒഴിച്ചതിന് ശേഷം ഒരു ജ്വാലയ്ക്ക് സമീപം ഇരിക്കുന്നതും എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) അവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

"ഞാൻ നിങ്ങളുടെ വിവാഹം നടത്തിത്തരാം മക്കളേ, ഞാൻ പറയുന്നതൊന്ന് കേൾക്കൂ. ഞങ്ങൾ പൂജാരിയെ വിളിക്കുന്നുണ്ട്, ഇവിടെ ഉള്ളിൽ ഒരു ക്ഷേത്രവുമുണ്ട്. ഞങ്ങളെ ഒന്ന് വിശ്വസിക്കൂ, ഞാൻ ഇവിടുത്തെ പോലീസ് ഇൻചാർജാണ്," എന്ന് എസ്.എച്ച്.ഒ അവരോട് പറയുന്നതും വീഡിയോയിലുണ്ട്. ഒരു ഘട്ടത്തിൽ യുവാവ് തീജ്വാലയ്ക്ക് അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥൻ ഉടൻ ഇടപെട്ട് തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.