- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബന്ധുക്കളായ രണ്ട് യുവതികളെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി; മകളെ ആര്‍ക്കെങ്കിലും വിറ്റോയെന്ന് സംശയിക്കുന്നതായും പിതാവ്; അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്; തിരിച്ചെത്തിയത് ഒരാള്‍ വരന്റെ വേഷത്തിലും മറ്റേയാള്‍ വധുവിന്റെ വേഷത്തിലും
ബന്ധുക്കളായ യുവതികളെ കാണാതായി; ഇരുവരും 'വിവാഹിതരായി'
മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്നുള്ള ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായ സംഭവത്തില്‍ ബന്ധുക്കളെ ഞെട്ടിച്ച വഴിത്തിരിവ്. ഇവരുടെ കുടുംബങ്ങളുടെ പരാതിയില്‍ മിസിംഗ് കേസെടുത്ത പോലീസ് അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം മടങ്ങി വന്ന പെണ്‍കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ എത്തി തങ്ങള്‍ പരസ്പരം വിവാഹിതരായിയെന്ന് അറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ യുവതികളില്‍ ഒരാള്‍ വരന്റെ വേഷത്തിലും മറ്റേയാള്‍ വധുവിന്റെ വേഷത്തിലുമായിരുന്നു. ഒന്നര വര്‍ഷത്തോളമായി തങ്ങള്‍ പരസ്പരം പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നതായി അമര്‍ ഉജാലയിലെ റിപ്പോര്‍ട്ട് ചെയ്തു. മുസാഫര്‍നഗറിലെ ടിറ്റാവി ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ബന്ധുവിന്റെ മകള്‍ തന്റെ മകളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. മകളെ ആര്‍ക്കെങ്കിലും വിറ്റോയെന്ന് താന്‍ സംശയിക്കുന്നതായും പിതാവ് പോലീസില്‍ നല്‍കിയ പരാതി പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് യുവതികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണെങ്കില്‍ സംരക്ഷണം ഉറപ്പ് നല്‍കാമെന്ന് പോലീസ് ഇവരെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് യുവതികള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തിയത്.
ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ വരുന്നതിനുമുമ്പ് ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചതായും അവര്‍ പറഞ്ഞു. പോലീസ് നിര്‍ദ്ദേശം അനുസരിച്ച് യുവതികളുടെ ബന്ധുക്കളും ഈ സമയം സ്റ്റേഷനില്‍ എത്തിയിരുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കള്‍ യുവതികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണെന്ന് നിയമം ഇപ്പോഴും നിര്‍വചിക്കുന്നു, അതായത് നിലവിലുള്ള ചട്ടക്കൂടിന് കീഴില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല. എങ്കിലും 2018 -ല്‍, സുപ്രീം കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 റദ്ദാക്കിയിരുന്നു, ഇത് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കി. എന്നാല്‍ ഈ ചരിത്രപരമായ വിധി സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.