കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയം രാമപുരം പൊലിസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. എരുമേലി സ്വദേശി മാര്‍ട്ടിനും സഹായിയുമാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിന്‍ മുന്‍പ് ഇതേ കണ്‍സ്ട്രക്ഷന്‍ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു.

ദേശീയപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ബാക്കിയുണ്ട്. ഇതാണ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി ക്രെയിന്‍ കടത്തിക്കൊണ്ടുപോകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഞായറാഴ്ച്ചപുലര്‍ച്ചെ ഒരുമണിക്ക് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം മോഷ്ടിച്ചു കൊണ്ടുപോയത്.

സൈറ്റ് എഞ്ചിനീയര്‍ ചെങ്ങന്നൂര്‍സ്വദേശി സൂരജ് സുരേഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലിന്ന് സി.സി.ടി.വി പരിശോധിച്ച് മാഹി വരെ എത്തിയിരുന്നു. തളിപ്പറമ്പ് പോലീസ് സംസ്ഥാനത്തെ എല്ലാ പൊലിന് സ്റ്റേഷനുകളിലേക്കും മോഷ്ടിക്കപ്പെട്ട ക്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച്ചവൈകുന്നേരത്തോടെയാണ് രാമപുരം പോലീസ് ക്രെയിന്‍ കണ്ടെത്തിയത്.

പ്രതികളെയും പൊലീസ് പിടിച്ചെടുത്ത ക്രെയിനും തളിപ്പറമ്പിലെത്തിക്കാനായി തളിപറമ്പ് പൊലിസ് രാമപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതാണ് പൊലിസ് അന്വേഷണത്തിന് തുണയായത്. ഇരു വിഭാഗങ്ങളും തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടെന്ന് നേരത്തെ പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.