- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനെ കൊന്ന കേസിൽ ജാമ്യത്തിലിറക്കിയത് അമ്മ; നാലു വർഷത്തിന് ശേഷം സ്വത്ത് ചോദിച്ച് അമ്മയെ ജീവനോടെ കുഴിച്ചു മൂടി; ആദ്യം ശിക്ഷ കിട്ടിയത് അമ്മയെ കൊന്ന കേസിൽ ജീവപര്യന്തം; സുഹൃത്തിനെ കൊന്ന കേസിൽ വീണ്ടും ജീവപര്യന്തം; കൊല്ലത്ത് സുനിൽകുമാറിന് 21 ദിവസത്തെ ഇടവേളയിൽ കിട്ടിയത് രണ്ടു ജീവപര്യന്തം
കൊല്ലം: ആദ്യം സുഹൃത്തിനെ കുത്തിക്കൊന്നു. ജാമ്യത്തിലിറക്കിയത് അമ്മ. നാലു വർഷത്തിന് ശേഷം സ്വത്ത് കിട്ടാത്തതിന് അമ്മയെ ജീവനോടെ കുഴിച്ചു മൂടി. ആദ്യം ശിക്ഷ വിധിച്ചത് അമ്മയെ കൊന്ന കേസിൽ. കിട്ടിയത് ജീവപര്യന്തം. 21 ദിവസത്തിന് ശേഷം സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കിട്ടി മറ്റൊരു ജീവപര്യന്തം. അപൂർവമായ രണ്ടു കേസുകളിൽ രണ്ട് ജീവപര്യന്തം കിട്ടിയിരിക്കുന്നത് പട്ടന്താനം നീതിനഗർ പ്ലാമൂട്ടിൽ കിഴക്കേതിൽ സുനിൽകുമാറിനാണ്.
പർവത്യാർമുക്ക് ശ്രീജ വെൽവർക്സിലെ ജീവനക്കാരൻ അയത്തിൽ ജീവിനഗർ 49 കാവുംപണ കുന്നിൽ സുരേഷ് ബാബു(സുര-41)വിനെ മദ്യപിച്ചതിന്റെ പങ്കു കിട്ടാത്തതിന്റെ പേരിൽ ചുറ്റികയും മറ്റും ഉപയോഗിച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് ബുധനാഴ്ച കൊല്ലം നാലം അഡിഷണൽ ജില്ലാ കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷവിധിച്ചത്. രണ്ടു ലക്ഷം രൂപ സുരേഷിന്റെ് ആശ്രിതർക്ക് പിഴയായി നൽകണം. അത് അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കണം.
2015 ഡിസംബർ 26 ന് ശ്രീജ കിണർ റിങ്സ് വർക്ക്സിൽ വച്ചാണ് സുരയെ കൊന്നത്. മരപ്പണിക്കാരനായ സുനിൽ, കൊല്ലപ്പെട്ട സുരേഷ് ബാബു, കൃഷ്ണൻകുട്ടി, സ്ഥാപനം ഉടമ ശ്രീകുമാർ, അതിഥിത്തൊഴിലാളി എന്നിവർ മചറന്ന് മതിലിന്റെ പണിക്ക് പോയി മടങ്ങി വന്നപ്പോൾ പിരിവെടുത്ത് മദ്യം വാങ്ങിക്കഴിച്ചു. പണിക്ക് ലഭിച്ച 600 രൂപ കൂലിയിൽ മദ്യത്തിന്റെ വിഹിതം കഴിച്ചുള്ള തുകയായ 365 രൂപ വീതം സുരേഷ് ബാബുവിനെ ഏൽപ്പിച്ച് ശ്രീകുമാറും അതിഥി തൊഴിലാളിയും വീട്ടിൽ പോയി. എന്നാൽ, തനിക്ക് 500 രൂപ വേണമെന്ന് ആവശ്യപ്പെട്ട് സുനിൽ കുമാർ സുരയുമായി തർക്കമായി. തുടർന്ന് സുനിൽ ചുറ്റിക കൊണ്ട് സുരയെ ക്രൂരമായി മർദിച്ചു. തടഞ്ഞ കൃഷ്ണൻ കുട്ടിയെയും ചുറ്റികയ്ക്ക് അടിച്ചു.
പിന്നീട് കത്താൾ കൊണ്ട് സുരേഷ്ബാബുവിനെ പല തവണ കുത്തി. വലിയ കമ്പിപ്പാര കൊണ്ട് അടിച്ചു. പിറ്റേന്ന് രാവിലെ സുരേഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എഴുകോണിലെ ബന്ധുവീട്ടിൽ നിന്ന് സുനിലിനെ പിടികൂടി. പോസ്റ്റുമോർട്ടത്തിൽ 63 മുറിവ് സുരയുടെ ശരീരത്തിൽ കണ്ടെത്തി. രണ്ട് മുറിവ് ഉറുമ്പരിച്ചതും ബാക്കി 61 എണ്ണം അടിയേറ്റുമുള്ളതാണെന്ന് തെളിഞ്ഞു.
കൊല്ലം കൺട്രോൾ റൂം ഇൻസ്പെക്ടറും നിലവിൽ ശാസ്താംകോട്ട ഡിവൈ.എസ്‌പിയുമായ എസ്. ഷരീഫാണ് ഈ കേസ് അന്വേഷിച്ചത്. അന്ന് അറസ്റ്റിലായ സുനിലിനെ ജാമ്യത്തിൽ ഇറക്കിയത് മാതാവ് സാവിത്രിയമ്മ(72)യായിരുന്നു. നാലു വർഷത്തിന് ശേഷം മാതാവിനെ സ്വത്തിന് വേണ്ടി സുനിൽ ജീവനോടെ കുഴിച്ചു മൂടി. ഈ കേസിൽ കഴിഞ്ഞ എട്ടിനാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ജീവപര്യന്തം കൂടി വന്നിരിക്കുന്നത്. സുരയെ കൊന്ന കേസിൽ പിഴയായി അടയ്്ക്കുന്ന തുക അയാളുടെ മാതാവ് ലളിതയ്ക്കും ഭിന്നശേഷിയുള്ള സഹോദരൻ സുജൻ ബാബുവിനും നൽകാൻ കോടതി ഉത്തരവിട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്