റാന്നി: വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിന്റേതുകൊലപാതകം. പ്രതികളായ സഹോദരനെയും കൂട്ടുകാരനെയും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ മർദനമേറ്റതാണ് മരണ കാരണമെന്ന് പ്രതികൾ മൊഴി നൽകി.

മോതിരവയൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്റെ മകൻ ജോബിൻ ജോൺസൺ (28) ആണ് കൊല്ലപ്പെട്ടത്. ജോബിന്റെ സഹോദരൻ ജോജോ, സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ വിശദീകരണം. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകളുണ്ട്, തലയിൽ മുറിവേൽക്കുകയും ചെയ്തു.

ജോബിന്റെ മാതാവ് ഇവരുടെ സഹോദരന്റെ വീട്ടിലായിരുന്നു. മക്കളുടെ മദ്യപാനവും തുടർന്നുള്ള വഴക്കും പതിവാണെന്ന് പറയുന്നു. ഇതു കാരണമാണ് മാതാവ് സഹോദരന്റെ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ ഇവർ തിരികെ വീട്ടിൽ വരുമ്പോൾ ഹാളിൽ മരിച്ചു കിടക്കുകയായിരുന്നു ജോബിൻ. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ജോജോയും സുഹൃത്തും ചേർന്നാണ് മർദ്ദിച്ചതെന്ന് ചോദ്യം ചെയ്യലിൽ വെളിവായതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റാന്നി ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ പി.എസ്. വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്ഐമാരായ അനീഷ്, ശ്രീ ഗോവിന്ദ്, എഎസ്ഐമാരായ അനിൽ, കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ, എസ് സിപിഓ ബിജുമാത്യു, സിപിഓമാരായ സുമിൽ ഷിന്റോ, അജാസ്, സോജു, ലിജു, ആൽവിൻ ജോസഫ്, ജിനു, വിനീത്, രെഞ്ചു എന്നിവരും സംഘത്തിലുണ്ട്.