കൊച്ചി: ബാങ്കില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പുത്തന്‍കുരിശ് പൊലീസാണ് ലിബില ബേബി (29) എന്ന യുവതിയെ പിടികൂടിയത്. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് സ്വദേശിനിയായ ലിബില, കോലഞ്ചേരിയിലെ ഒരു ബാങ്കില്‍ പണയം വെച്ചിരിക്കുന്ന സ്വര്‍ണം എടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന വാഗ്ദാനം നല്‍കിയാണ് യുവാവിനെ സമീപിച്ചത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്.

കോലഞ്ചേരിയിലെ ബാങ്കില്‍ നിന്ന് സ്വര്‍ണം തിരിച്ചെടുക്കാന്‍ പണമായും ഗൂഗിള്‍ പേ വഴിയും ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപ ലിബില കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. പണം കൈപ്പറ്റിയതിന് ശേഷം ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്പെക്ടര്‍ സി.എല്‍. ജയന്‍, എസ്.ഐമാരായ കെ.ജി.ബിനോയ്, ജി.ശശിധരന്‍, എ.എസ്.ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സി.പി.ഒമാരായ റിതേഷ്, ആശ എന്നിവരടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തി വരുന്നത്.