തിരുവല്ല: ബാറില്‍ മദ്യപിക്കാന്‍ എത്തിയ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് ബാംഗ്ലൂരില്‍ നിന്ന് സാഹസികമായി പിടികൂടി. തിരുവല്ല കുരിശുകവല ശങ്കരമംഗലത്ത് താഴത്തേതില്‍ വീട്ടില്‍ കൊയിലാണ്ടി രാഹുല്‍ എന്ന് വിളിക്കുന്ന രാഹുല്‍ മനോജ്(26), കുറ്റപ്പുഴ മഞ്ഞാടി മംഗലശ്ശേരി വീട്ടില്‍ ജിജോ ജോയ് (23), തുകലശ്ശേരി കൂട്ടത്തില്‍ വീട്ടില്‍ ആദിത്യരാജ് (23), കുറ്റപ്പുഴ സഊരിയത്ത് വീട്ടില്‍ കിരണ്‍ വില്യംസ് തോമസ് (22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒന്‍പതില്‍ തിരുവല്ലയിലെ ബാറില്‍ വച്ചാണ് സംഭവം. മദ്യപിച്ചു കൊണ്ടിരുന്ന രാഹുല്‍ മനോജിന്റെ കാലില്‍ കൗണ്ടറിലേക്ക് പണം അടയ്ക്കാന്‍ പോയ യുവാവിന്റെ കാല്‍ തട്ടി എന്ന കാരണം പറഞ്ഞു പ്രതികള്‍ സംഘ ംചേര്‍ന്ന് മര്‍ദ്ദിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ആയിരുന്നു. കുറ്റപ്പുഴ കല്ലംപറമ്പില്‍ വീട്ടില്‍ പ്രദീപിനാണു (49) മര്‍ദ്ദനമേറ്റത്. സംഭവത്തിനു ശേഷം പ്രതികള്‍ വാടകയ്ക്കെടുത്ത കാറില്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ പ്രതികള്‍ നാടുവിട്ടു പോയിട്ടുള്ളതായി മനസ്സിലാക്കി. അന്വേഷണം ഊര്‍ജിതമാക്കിയ പോലീസിന് പ്രതികള്‍ ബാംഗ്ലൂരില്‍ ഉള്ളതായി സൂചന ലഭിച്ചു.

കേസിലെ ഒന്നാം പ്രതിയും കാപ്പാക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതുമായ രാഹുല്‍ മനോ ജിനെ വാഹന സഹിതം കോയമ്പത്തൂരില്‍ നിന്നും പിടികൂടി. ഇയാള്‍ വധശ്രമം കൂട്ടായ്മ കവര്‍ച്ച,ആയുധം കൈവയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍തുടങ്ങി ഇരുപതോളം കേസുകളില്‍ പ്രതിയാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കൂട്ടായ്മ കവര്‍ച്ച കേസിലും പ്രതിയാണ് രാഹുല്‍.

തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ കഞ്ചാവ്, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കിരണ്‍ വില്യംസ് തോമസിന്റെ സഹായത്തോടെ പ്രതികള്‍ ബംഗളൂരു വൈറ്റ്ഫീല്‍ഡ് കഡുഗോഡി എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളെ ബംഗളൂരിലെത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച അഞ്ചാംപ്രതി കിരണ്‍ വില്യംസ് തോമസ് ബാംഗ്ലൂര്‍ രാമമൂര്‍ത്തി നഗര്‍ എക്സൈസ് റെയിഞ്ച് പോലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയാണ്.

ആഴ്ചകളോളം നീണ്ടു നിന്ന കഠിന പരിശ്രമങ്ങള്‍കൊടുവിലാണ് തിരുവല്ല സ്‌ക്വാഡിന് പ്രതികളിലേക്ക് എത്താന്‍ ആയത്. സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അഖിലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അവിനാശ് വിനായകന്‍, ടോജോ തോമസ് എന്നിവ അടങ്ങുന്ന സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.