ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന്റെ നടുക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. നിരത്തിലൂടെ ജനങ്ങള്‍ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ തിരക്കുള്ള സമയമത്താണ് പൊട്ടിത്തെറി ഉണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് 6.52 ന് നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചെന്നാണ് വിവരം. അതേസമയം, സ്‌ഫോടനം എന്‍ഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെ സംഘത്തെ നയിക്കും. ഒരു ഐജി, രണ്ട് ഡിഐജിമാര്‍, മൂന്ന് എസ്പിമാര്‍, ഡിഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. എന്‍ഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.


അതേസമയം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് മാത്രമല്ല ഉയര്‍ന്ന സ്‌ഫോടനനിലവാരമുള്ള വസ്തുക്കളും ഉപയോഗിച്ചിരുന്നതായി ഫൊറന്‍സിക് സംഘം കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്‌ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയതാണെന്നാണ് നിഗമനം. സ്‌ഫോടനം നടന്നിടത്തു നിന്ന് വ്യത്യസ്തതരം സ്‌ഫോടകവസ്തുക്കളുടെ സാമ്പിളുകളാണ് ഫൊറന്‍സിക് സംഘം കണ്ടെടുത്തത്. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവ സമഗ്ര ഫൊറന്‍സിക് വിശകലനത്തിനായി അയച്ചു. സ്‌ഫോടകവസ്തുവിന്റെ സ്വഭാവം ലബോറട്ടറി പരിശോധനയ്ക്കുശേഷം സ്ഥിരീകരിക്കും.

എല്ലാ സാമ്പിളുകളും എഫ്എസ്എല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും അന്തിമ റിപ്പോര്‍ട്ടോടെ വ്യക്തമാകും. അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് സൂചന. രണ്ട് കാട്രിഡ്ജുകള്‍, ഒരു വെടിയുണ്ട, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നാല്‍പതിലധികം സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘം സ്‌ഫോടനസ്ഥലത്ത് നിന്ന് ശേഖരിച്ചിട്ടുണ്ട്.

മരിച്ചവരില്‍ ചിലരുടെ ശരീരത്തില്‍ ഒരു 'ക്രോസ്-ഇന്‍ജുറി പാറ്റേണ്‍' നിരീക്ഷിച്ചതായി മൗലാനാ ആസാദ് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധര്‍ പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ആളുകള്‍ ഭിത്തിയിലോ നിലത്തോ ചെന്നിടിച്ചതിനെയാണ് 'ക്രോസ്-ഇന്‍ജുറി പാറ്റേണ്‍' എന്ന് അര്‍ത്ഥമാക്കുന്നത്. ഇത് പലരുടെയും ശരീരത്തില്‍ എല്ലുകള്‍ ഒടിയുന്നതിനും തലയ്ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായെന്ന് വിദഗ്ധര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഇരയായ ചിലരുടെ ശ്വാസകോശം, ചെവി, വയറ് എന്നിവിടങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് സ്‌ഫോടനം വളരെ അടുത്താണ് നടന്നതെന്ന് സൂചിപ്പിക്കുന്നു. മൃതദേഹങ്ങളിലോ വസ്ത്രങ്ങളിലോ പരമ്പരാഗത സ്‌ഫോടകവസ്തുക്കളുടെ അംശങ്ങള്‍ കണ്ടെത്തിയില്ല. സ്‌ഫോടനത്തിന് പുതിയതോ പരിഷ്‌കരിച്ചതോ ആയ സ്‌ഫോടകവസ്തു ഉപയോഗിച്ചിരിക്കാമെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. കാര്‍ സ്‌ഫോടനം സാധാരണ ചാവേര്‍ സ്‌ഫോടനമായിരുന്നില്ലെന്നും മറിച്ച് പരിഭ്രാന്തിയിലായ പ്രതി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നും പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ ഏജന്‍സികള്‍ ഭീകര ശൃംഖലകളുമായി ബന്ധമുള്ള ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തുകയും ഫരീദാബാദ്, സഹാറന്‍പൂര്‍, പുല്‍വാമ, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദം മൂലം പ്രതി തിടുക്കത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പ്രതി സാധാരണ ചാവേര്‍ കാര്‍ ബോംബാക്രമണത്തിന്റെ മാതൃക പിന്തുടര്‍ന്നില്ലെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന ചാവേറുകളുടെ സാധാരണ പ്രവര്‍ത്തനരീതി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ബോംബ് പൂര്‍ണമായി വികസിപ്പിച്ചിരുന്നില്ലെന്നും സമയമെത്തും മുന്‍പേ പൊട്ടിയതാണെന്നും പരിശോധനയില്‍ കണ്ടെത്തി. കൂടാതെ സ്‌ഫോടനത്തില്‍ ഗര്‍ത്തം രൂപപ്പെട്ടില്ല, ചീളുകളോ മറ്റ് വസ്തുക്കളോ കണ്ടെത്തിയില്ല. സ്‌ഫോടനം നടക്കുമ്പോള്‍ വാഹനം ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു, കൂടാതെ വലിയ ആള്‍നാശം വരുത്താന്‍ ശേഷിയുള്ളതായിരുന്നില്ല ഐഇഡി.

കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അന്വേഷണ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ ഏജന്‍സിക്ക് ചൊവ്വാഴ്ച നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം സ്‌ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്യാനും ഒത്തുനോക്കാനും സ്‌ഫോടനത്തെക്കുറിച്ച് കാലതാമസമില്ലാതെ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനും ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് (എഫ്എസ്എല്‍) നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഭീകരവിരുദ്ധ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.