വൈപ്പിന്‍: സൈബര്‍ തട്ടിപ്പുകളില്‍ മലയാളികള്‍ കുടുങ്ങുന്നത് പതിവാകുന്നു. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മട്ടാഞ്ചേരി കോമ്പാറമുക്ക് എം.കെ.എസ്. പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടില്‍ വസിം (21) നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.

ഓണ്‍ലൈന്‍ ടാസ്‌കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയ ടെലിഗ്രാം ആപ്പ് വഴി വിവിധ ടാസ്‌കുകളിലൂടെ സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് ഇടുകയായിരുന്നു ആദ്യ ജോലി.വീട്ടമ്മയ്ക്ക് കമ്പനിയില്‍ വിശ്വാസം ജനിപ്പിക്കുന്നതിന് വേണ്ടി ചെറിയ തുകകള്‍ തട്ടിപ്പ് സംഘം പ്രതിഫലമായി നല്‍കി. പിന്നീട് പെയ്ഡ് ടാസ്‌കുകള്‍ നല്‍കി. തട്ടിപ്പ് സംഘം അയച്ചു നല്‍കിയ യു.പി.ഐ ഐഡികളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ തിരികെ കൊടുത്തു.

വീണ്ടും കൂടുതല്‍ പണം നിക്ഷേപിച്ചത് തിരികെ ആവശ്യപ്പെട്ട സമയം കൂടുതല്‍ തുക നിക്ഷേപിച്ചെങ്കില്‍ മാത്രമെ ആദ്യം നിക്ഷേപിച്ച തുക തിരികെ നല്‍കുകയുള്ളൂ എന്നും ചെയ്ത ടാസ്‌ക്കുകളില്‍ തെറ്റുണ്ടെന്നും അതിന് ഫൈന്‍ അടയ്ക്കണമെന്നും പറഞ്ഞാണ് യുവതിയുടെ കയ്യില്‍ നിന്ന് പലതവണകളായി വലിയ തുക തട്ടിപ്പ് സംഘം ഈടാക്കിയത്. വീട്ടമ്മയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട പണത്തിന്റെ കുറച്ച് ഭാഗം തന്റെ അക്കൗണ്ടിലേക്ക് എത്തിയത് ചെക്ക് വഴി പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്ത ആളെയാണ് ഞാറക്കല്‍ പൊലീസ് പിടികൂടിയത്.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനേയുടെ നിര്‍ദ്ദേശാനുസരണം ഞാറക്കല്‍ ഇന്‍സ്പെക്ടര്‍ സുനില്‍ തോമസ് സബ് ഇന്‍സ്പെക്ടര്‍ അഖില്‍ വിജയകുമാര്‍, എ. എസ്. ഐ. ആന്റണി ജയ്സണ്‍, എസ്.സി.പി. ഒ. ഉമേഷ് , സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.