കൊച്ചി: 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം സ്വദേശിനിയായ ജി. സുജിതയാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതി റിമാൻഡ് ചെയ്തു.

കേസിലെ പ്രധാന പ്രതികളുമായി ചേർന്ന് വിദേശത്തേക്ക് പണം കടത്താൻ സഹായിച്ചതിനാണ് സുജിത അറസ്റ്റിലായത്. തട്ടിപ്പ് സംഘത്തിൻ്റെ നിർദ്ദേശപ്രകാരം വലിയ ലാഭം പ്രതീക്ഷിച്ച് കൊച്ചി സ്വദേശിയായ പരാതിക്കാരൻ 20-ഓളം അക്കൗണ്ടുകളിലേക്ക് മൊത്തം 25 കോടി രൂപയാണ് അയച്ചത്. ഈ അക്കൗണ്ടുകളിൽ ഒരെണ്ണം പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിലേതായിരുന്നു. ഇത് അന്വേഷിച്ച പൊലീസിന് അക്കൗണ്ട് ഉടമ സുജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.

പൊലീസിൻ്റെ വിശദമായ അന്വേഷണത്തിൽ, പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നും, മുഖ്യ പ്രതികൾ ഇവരുടെ സഹായത്തോടെ തുക വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും കണ്ടെത്തി. ഈ പണം കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നതായി പൊലീസ് പറഞ്ഞു. ദിവസങ്ങളോളം പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നിട്ടും സുജിത ഇക്കാര്യം അറിഞ്ഞിരുന്നില്ല. കേസിൽ പ്രതിക്കെതിരെ സൈബർ തെളിവുകളടക്കം ശേഖരിച്ച പൊലീസ്, അവ നിരത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് വിവരം.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുജിതയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ സുഹൃദ് ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.