- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓൺലൈൻ ട്രേഡിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വീണ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; മുഖ്യപ്രതി പിടിയിലായതോടെ നാടുവിട്ടു; സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ പൊക്കി പൊലീസ്; അറസ്റ്റിലായത് വെങ്ങപ്പള്ളിക്കാരൻ അഷ്കർ അലി

കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളിലൊരാളെ പിടികൂടി സൈബർ പൊലീസ്. വയനാട് വെങ്ങപ്പള്ളി സ്വദേശി അഷ്‌കര്‍ അലി(30)യെ വയനാട് സൈബര്‍ ക്രൈം പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് ഡൽഹി സ്വദേശിനിയെ ടെലഗ്രാം വഴി ബന്ധപ്പെട്ട് സൈബര്‍ തട്ടിപ്പ് സംഘം കെണിയിലാക്കിയത്. ട്രേഡിങ് വഴി വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്ന് സംഘം പണം കൈക്കലാക്കിയത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്ണു എന്നയാളുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. പിന്നീട് വിഷ്ണു ആ പണമടക്കം മൂന്നര ലക്ഷത്തോളം രൂപ ചെക്ക് വഴി പിൻവലിച്ച് അഷ്‌കര്‍ അലിക്ക് കൈമാറുകയായിരുന്നു. ഈ കേസിൽ വിഷ്ണുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പ് സംഘത്തിലെ കണ്ണിയായ അഷ്‌കര്‍ അലി സമാനമായ നിരവധി തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഷ്ണു അറസ്റ്റിലായതറിഞ്ഞ് അഷ്‌കര്‍ അലി ആദ്യം ഉത്തരേന്ത്യയിലേക്ക് കടക്കുകയും പിന്നീട് ബെംഗളൂരുവിലെത്തുകയുമായിരുന്നു. വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
അഷ്‌കര്‍ അലിയുടെ ഫോണില്‍ നിന്ന് നിരവധി വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇയാൾ മറ്റ് പലരുമായി ഷെയര്‍ ചെയ്തതായും വ്യക്തമായിട്ടുണ്ട്. അറസ്റ്റിന് ശേഷം കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ അഷ്‌കര്‍ അലിയെ റിമാന്‍ഡ് ചെയ്തു. അഷ്‌കര്‍ അലിയില്‍ നിന്ന് പണം സ്വീകരിച്ച മറ്റ് പ്രതികളെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. എഎസ്‌ഐ കെ. റസാഖ്, പി. ഹാരിസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോജി ലൂക്ക, സിവില്‍ പൊലീസ് ഓഫീസര്‍ ജിനീഷ് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.


