കൊല്ലം: ആടിനെ പച്ചില കാണിച്ച് ആകര്‍ഷിക്കുന്നത് പോലെയാണ് ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുസംഘങ്ങള്‍ കാശ് പിടുങ്ങാനുള്ള തന്ത്രം പയറ്റുന്നത്. വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ട്രേഡിങ് തട്ടിപ്പുസംഘങ്ങള്‍ ആളുകളെ സമീപിക്കുന്നത്. ലാഭം കിട്ടുന്ന കണക്കില്‍ വിശ്വസിച്ച് ആളുകള്‍ വലിയ തുക നിക്ഷേപിക്കും. ആദ്യം ലാഭവിഹിതമെന്നു പറഞ്ഞ് ചെറിയ തുക നല്‍കും. അവരുടെ രേഖകളില്‍ നിക്ഷേപകന്റെ ലാഭം കുമിഞ്ഞുകൂടും. അത് തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലക്ഷങ്ങള്‍ വീണ്ടും ഫീസടയ്ക്കാന്‍ പറയും. കിട്ടാന്‍ പോകുന്നത് വന്‍ തുകയാണെന്ന വിശ്വാസത്തില്‍ അവര്‍ പറയുന്ന തുകകള്‍ അടച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ തട്ടിപ്പുസംഘം മുങ്ങുന്നതോടെ, നിക്ഷേപകന്‍ തിരിച്ചറിയും തന്നെ വിഡ്ഢിയാക്കിയെന്ന്. വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ തന്നെയാണ് അടുത്ത കാലത്ത് വഞ്ചിതരാകുന്നത് എന്നതാണ് വിചിത്രം. ഏറ്റവുമൊടുവില്‍, സൈബര്‍ തട്ടിപ്പിന് ഇരയായത്, കേരള പോലീസ് ഹൈടെക് സെല്‍ മുന്‍ മേധാവി സ്റ്റാര്‍മോന്‍ പിള്ളയാണ്.

ഹൈടെക് സെല്‍ ക്രൈം എന്‍ക്വയറി സെല്‍ മേധാവിയായിരുന്ന സ്റ്റാര്‍മോന്‍ പിള്ള അസി. കമന്‍ഡാന്റ് റാങ്കിലേക്ക് പ്രമോഷന്‍ കിട്ടിയപ്പോള്‍ വനിതാ ബറ്റാലിയന്റെ ചുമതലയിലേക്ക് മാറുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ 7 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥന് നഷ്ടമായത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ കൊല്ലം പോലീസ് കേസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതോടെ, തുകയില്‍ പകുതിയിലേറെ തിരിച്ചുപിടിച്ചത് ആശ്വാസമായി.

പോലീസ് സൈബര്‍ ഡിവിഷന്റെ ഇടപെട്ടതോടെ രണ്ടരലക്ഷത്തിന്റെ ഇടപാട് ബ്ലോക്കുചെയ്തു. മലപ്പുറത്തെ ഒരു എടിഎമ്മില്‍ നിന്ന് തട്ടിപ്പുകാര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചത് തിരിച്ചറിഞ്ഞതും പിടിവള്ളിയായി. ഒരാളെ കസ്റ്റഡിയിലെടുത്തതോടെ, ഈ തുക തിരികെ കിട്ടിയേക്കും. ഇയാളെ കൊല്ലത്തേക്ക് എത്തിക്കുന്നതോടെ, കൂട്ടാളികളും വലയില്‍ വീഴുമെന്നാണ് കണക്കുകൂട്ടുന്നത്.

പ്രതിയെ പിടികൂടാന്‍ വേണ്ടിയാണ് താന്‍ പരാതി കൊടുത്തതെന്ന് സ്റ്റാര്‍മോന്‍ പിള്ള പ്രതികരിച്ചു. ബ്ലോക്കായി കിടന്നത് കൊണ്ട് പണം പകുതിയിലേറെ തിരിച്ചുകിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ 'ഡിജിറ്റല്‍ അറസ്റ്റിലാക്കി' രണ്ടുമണിക്കൂറോളം തന്നെ ഭീഷണിപ്പെടുത്തി ചോദ്യംചെയ്‌തെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷത്തിലേറെ രൂപയാണ് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത്.

ഈ മാസം രണ്ടിന് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നെന്ന് പറഞ്ഞാണ് വീഡിയോ കോള്‍ വന്നത്. നിങ്ങള്‍ക്ക് മുംബൈയില്‍ അക്കൗണ്ട് ഉണ്ടെന്നും നരേഷ് ഗോയല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതിന് മുംബൈയില്‍ എഫ്‌ഐആര്‍ ഉള്ളതിനാല്‍ ഉടന്‍ മുംബൈയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു.

കള്ളപ്പണ കേസായതിനാല്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും സുപ്രീംകോടതിയുടെ സീക്രട്ട് അക്കൗണ്ടിലേക്ക് മാറ്റുകയാണെന്നും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ തിരികെ നല്‍കുമെന്നും അറിയിച്ചു. കേരളത്തിലെ മൂന്ന് അക്കൗണ്ടുകളുടെ വിവരം കൈമാറി. പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് മാറ്റി. 13 ലക്ഷത്തോളം രൂപയാണ് ഉണ്ടായിരുന്നത്. ഒന്നര ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടു. പിന്‍വലിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അത് അംഗീകരിച്ചില്ല. തുടര്‍ന്ന് മറ്റൊരാളില്‍നിന്ന് പണം വാങ്ങി അതും നല്‍കിയെന്ന് മാര്‍ കൂറിലോസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം പോയത്. അന്വേഷണം തുടരുകയാണ്.

പോലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഡിയോ കോള്‍ വഴി പണം തട്ടാനും വ്യാപക ശ്രമം നടക്കുന്നുണ്ട്. പോലീസ്, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണു വീഡിയോ കോള്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ സൈബര്‍ പൊലീസില്‍ പരാതിപ്പെടണം.