കണ്ണൂര്‍: ഇരിക്കൂര്‍ കല്യാട്ടെ വീട്ടില്‍നിന്ന് കാണാതായ 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും എവിടെയ പോയി എന്നതില്‍ വിശദ അന്വേഷണത്തിന് കേരളാ പോലീസ്. ദര്‍ഷിതയുടെ കൊലപാതകിയെ കേരളാ പോലീസ് ചോദ്യം ചെയ്യും. മോഷണം പോയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ കുടുംബത്തിലെ മരുമകള്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ട വിവരം പുറത്തു വരുന്നത്. ഇതോടെ മോഷണം ദുരൂഹമായി മാറി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദര്‍ഷിത (22) ആണു കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക തെളിവ് കിട്ടിയതിനെ തുടര്‍ന്നാണ്. എന്നാല്‍ സ്വര്‍ണ്ണം ഇനിയും കിട്ടിയിട്ടില്ല. കരിക്കോട്ടക്കരി ഇന്‍സ്പെക്ടര്‍ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ കര്‍ണാടകയിലെത്തി. എന്നാല്‍ സിദ്ധരാജുവിനെ കേരള പൊലീസിന് ചോദ്യം ചെയ്യാനായില്ല. ചോദ്യം ചെയ്യുമ്പോള്‍ വ്യക്തത വരുമെന്നാണ് സൂചന.

സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ ഏഴ് വര്‍ഷമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സാലിഗ്രാമിലെ ലോഡ്ജിലെത്തിയ സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഡിറ്റനേറ്റര്‍ വായില്‍ വച്ച് പൊട്ടിച്ച് ദര്‍ഷിതയെ കൊലപ്പെടുത്തിയത്. ഫോണ്‍ പൊട്ടിത്തെറിച്ചുള്ള മരണമാക്കി മാറ്റാനായിരുന്നു സിദ്ധരാജുവിന്റെ ശ്രമം. ഇരുവരും അയല്‍വാസികളാണ്. ഏഴു വര്‍ഷം മുമ്പ് തുടങ്ങിയതാണ് അടുപ്പം. ഇതു പിന്നീട് ഗാഢ ബന്ധമായി. കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് പ്രകോപനത്തിനിടയാക്കിയത്. ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന ആളാണ് സിദ്ധരാജു. കുട്ടിയെ കര്‍ണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദര്‍ഷിത സിദ്ധരാജുവിനൊപ്പം പോയത്. വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണ്ണം സിദ്ധരാജുവിന് ഇവര്‍ കൈമാറിയോ എന്ന് സൂചനയുണ്ട്. സിദ്ധരാജു പറഞ്ഞിട്ടാണ് സ്വര്‍ണ്ണവുമായി ദര്‍ഷിത മുങ്ങിയത്. എന്നാല്‍ രണ്ടു ലക്ഷം മാത്രമേ തനിക്ക് കിട്ടിയിട്ടുള്ളൂവെന്നാണ് സിദ്ധരാജുവിന്റെ മൊഴി. ഇതാണ് ദുരൂഹത കൂട്ടുന്നത്.

വെള്ളിയാഴ്ച രാവിലെയാണ് കല്യാട്ടെ വീട്ടില്‍നിന്ന് മകള്‍ അരുന്ധതിയുമൊത്ത് ദര്‍ഷിത സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണ വിവരം അറിയുന്നത്. പുറത്തു നിന്ന് ആരും വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. തുടര്‍ന്ന് ദര്‍ഷിതയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇന്നലെ ദര്‍ഷിത കൊല്ലപ്പെട്ട വിവരം പൊലീസിന് ലഭിച്ചു. മോഷണ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് പോലീസും ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതക വാര്‍ത്ത പുറത്തു വരുന്നത്. ദര്‍ഷിതയുെട ഭര്‍ത്താവ് വിദേശത്താണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്ക്കൊപ്പം ഭര്‍തൃമാതാവ് സുമതിയും ഭര്‍തൃ സഹോദരന്‍ സൂരജുമാണ് താമസം. ഇരുവരും രാവിലെ ജോലിക്കു പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ദര്‍ഷിത സ്വന്തം നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞതായി സൂരജ് പറഞ്ഞു.

ഇന്നലെ കസ്റ്റഡിയിലെടുത്ത സിദ്ധരാജുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം മോഷ്ടിച്ചത് ദര്‍ഷിതയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായില്ല. പണവും സ്വര്‍ണവും എവിടെയാണെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല. സിദ്ധരാജുവിനെ ചോദ്യം ചെയ്താലെ കൂടുതല്‍ കാര്യം വ്യക്തമാകൂവെന്നതാണ് വസ്തുത. ഈ സ്വര്‍ണ്ണം കൈക്കലാക്കിയ ശേഷമാണ് ദര്‍ഷിതയെ കൊന്നതെന്ന സംശയവും ഉണ്ട്. എല്ലാം നേരത്തെ ഉറപ്പിച്ച ശേഷമാണ് ദര്‍ശിതയ്?ക്കൊപ്പം സിദ്ധരാജു ലോഡ്ജില്‍ മുറിയെടുക്കുന്നത്. കണ്ണൂര്‍ കല്യാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും മടങ്ങിയ ദര്‍ശിതയുമായി ചേര്‍ന്ന് സിദ്ധരാജു മുറിയെടുത്തത് സാലിഗ്രാമയിലെ ബിലികെരെ ലോഡ്ജിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു പ്രതിയായ സിദ്ധരാജു നേരത്തെ കരുതിയിരുന്നതായി കേസ് അന്വേഷിക്കുന്ന സാലിഗ്രാമ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ പറഞ്ഞു.

ദര്‍ശിതയുടെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ ഡിറ്റനേറ്റര്‍ തിരുകിയാണ് കൊലപാതകം നടത്തിയത്. മൊബൈല്‍ ചാര്‍ജറിലെ വയര്‍ ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ചാണ് പൊട്ടിത്തെറിപ്പിച്ചത്. സിദ്ധരാജുവിന്റെ നാടായ പെരിയപട്ടണയില്‍ നിറയെ ക്വാറികളുണ്ട്. ഇവിടെ നിന്നാണ് ഇയാള്‍ സ്ഫോടനക വസ്തു സംഘടിപ്പിച്ചത്. ഇത് ഉപയോഗിക്കുന്ന രീതിയും ഇയാള്‍ക്ക് പരിചിതമായിരുന്നുവെന്നും സാലിഗ്രാമ ഇന്‍സ്പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം ഭക്ഷണം വാങ്ങാനായി സിദ്ധരാജു പുറത്തേക്ക് പോയി. തിരിച്ചെത്തിയ സിദ്ധരാജു വാതില്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. വാതില്‍ തുറന്ന സമയത്താണ് ദര്‍ശിത മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസിനോട് ഫോണ്‍ പൊട്ടിത്തെറിച്ചത് അപകടമെന്നാണ് സിദ്ധരാജു പറഞ്ഞു. എന്നാല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സൂചനയൊന്നും പൊലീസിന് ലഭിച്ചില്ലെന്നും ഇന്‍സ്പെക്ടര്‍ ശശികുമാര്‍ പറഞ്ഞു.

കല്യാട്ടെ വീടുപൂട്ടി പോയത് ദര്‍ഷിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വര്‍ണവും മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ ദര്‍ഷിതയെ വിളിച്ചെന്നും രണ്ടുമൂന്നു തവണ വിളിച്ചപ്പോള്‍ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദര്‍ഷിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാര്‍ പറയുന്നു.

ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ദര്‍ഷിതയുടെ സംസ്‌കാരം കര്‍ണാടകയിലാകും നടക്കുക. ഇയാളെ ഇരിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികള്‍. ഹാര്‍ഡ്വെയര്‍ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കര്‍ണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊന്‍സൂര്‍ സ്വദേശിയാണ് ദര്‍ഷിത. മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുന്‍പും പലതവണ സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി. നല്‍കിയ പണം തിരികെ വേണമെന്ന് ദര്‍ഷിത ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. ദര്‍ഷിതയുടെ പെരുമാറ്റത്തില്‍ കുറച്ചുനാളായി മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭര്‍തൃസഹോദരന്‍ സൂരജ് പറഞ്ഞു.