- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടു; പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തി; ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവര്‍ അംഗങ്ങളായി; ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയത് സമൂഹത്തിലെ സ്വീകാര്യത മുതലാക്കി; കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് അന്വേഷണ സംഘം
വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടു
ന്യഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആസൂത്രണം സംബന്ധിച്ച നിര്‍ണായക വിവരം പുറത്ത്. വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് വിവരം. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവരും അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, ചെങ്കോട്ട സ്‌ഫോടന കേസില്‍ ഉമര്‍ നബിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ കണ്ടെത്താന്‍ എന്‍ഐഎ നീക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമര്‍ നബി ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. കൂടാതെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം ക്യാമ്പസില്‍ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജ്ജിതമാണ്.
നാടിനെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അംഗവും കശ്മീരി ഡോക്ടറുമായ മുസമ്മിലാണെന്ന വിധത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മുസമ്മിലും കൂട്ടാളികളായ ഉമറും മുസഫറും തങ്ങളുടെ മെഡിക്കല്‍ പ്രൊഫഷന്‍ മറയാക്കി ഹരിയാണയിലെ വാടക കെട്ടിടങ്ങളില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സംഭരിച്ചിരുന്നതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉമര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോഴും മുസമ്മില്‍ അതിനെ എതിര്‍ത്തു. ഉമറിന്റെ തീരുമാനങ്ങള്‍ അവിവേകപരവും സംഘത്തെപിടികൂടുന്നതിലേക്കും നയിക്കുമെന്ന് മനസ്സിലാക്കിയ മുസമ്മില്‍ ഒരു പിന്തുണാ ശൃംഖല കെട്ടിപ്പടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതോടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി മാറി.
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ താന്‍ ബോധപൂര്‍വം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ സമൂഹത്തില്‍ സ്വീകാര്യതയുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ സംശയം ജനിപ്പിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ആശയങ്ങള്‍ പ്രചരിപ്പിക്കാനും റിക്രൂട്ട്മെന്റിനുമായി ഫര്‍സദാനി ദാറുല്‍ ഉലൂം ദയൂബന്ദ്, കാഫില-ഇ-ഗുര്‍ബ തുടങ്ങിയ ടെലിഗ്രാം ചാനലുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.
വിദേശത്ത് നിന്നും കൃത്യം നടത്തുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി സംശയിക്കുന്ന മന്‍സൂര്‍, ഹാഷിം, ഉക്കാഷ എന്നിവര്‍ സ്‌ഫോടക വസ്തുക്കളുടെ സംഭരണം, കൈമാറ്റം, ഒളിപ്പിക്കല്‍ എന്നിവയില്‍ മുസമ്മിലിനും സംഘത്തിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായാണ് സംശയം. ബുദ്ധിജീവികളായ പുതിയ അംഗങ്ങളാണ് ജിഹാദിന്റെ ഭാവിയെന്ന് ഇവര്‍ മുസമ്മിലിനോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അക്കാദമിക് രംഗത്തെ ഉയര്‍ന്ന പദവി, ഇന്റേണുകളെയും ജൂനിയര്‍ ഡോക്ടര്‍മാരെയും സ്വാധീനിക്കാന്‍ മുസമ്മലിനെ സഹായിച്ചു. അല്‍-ഫലാഹില്‍ മുസമ്മലിന്റെ സ്വാധീനം ക്രമേണ വര്‍ദ്ധിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനോ തീവ്രവാദ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ അംഗങ്ങളാകുന്നതിനോ ഇയാള്‍ സഹപ്രവര്‍ത്തകരില്‍ സജീവമായി സമ്മര്‍ദ്ദം ചെലുത്തി. ആശുപത്രി പരിസരം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റി. ഹരിയാണയില്‍ സുരക്ഷിതമായ വാടകവീടുകള്‍ എടുക്കുന്നതിന് സൗകര്യമൊരുക്കിയതും മുസമ്മിലാണെന്നാണ് നിഗമനം. ആശുപത്രിയുമായി ബന്ധപ്പെട്ട ജോലികളുടെ മറവില്‍ നടത്തിയ സംസ്ഥാനാന്തര യാത്രകളില്‍ വെടിക്കോപ്പുകള്‍ കടത്തിയതായും സൂചനകളുണ്ട്.
പ്രത്യയശാസ്ത്രപരമായ തീവ്രത, അക്കാദമിക് അധികാരം, പ്രവര്‍ത്തനങ്ങളിലെ വൈദഗ്ദ്ധ്യം എന്നിവ സംഘത്തിലെ അപകടകാരിയായ അംഗമായി ഇയാളെ മാറ്റിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇയാളുമായി ബന്ധപ്പെട്ട വാടക കെട്ടിടങ്ങളില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചിരുന്നതായും, ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട കാറുകളിലൊന്നായ മാരുതി ബ്രെസ്സ, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മുസമ്മിലും കൂട്ടുപ്രതിയായ ഷഹീന്‍ സയീദും പണം നല്‍കി വാങ്ങിയതാണെന്നും ഫരീദാബാദ് പോലീസ് പറയുന്നു.




