- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഞങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കാന്‍ സാധിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്'; ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളോ? അവകാശവാദവുമായി ടെലഗ്രാം പോസ്റ്റ്; അന്വേഷണം തുടങ്ങി എന്‍ഐഎ
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളിലേക്ക്. സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമില്‍ ഖലിസ്ഥാന്‍ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റും പോലീസിന്റെ അന്വേഷണത്തിലുണ്ട്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലിഗ്രാം ചാനലിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി പോലീസ് തേടിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ആദ്യം പ്രചരിച്ചത് ഈ ചാനലിലാണ്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചാനലിന്റെ വിശദാംശങ്ങള്‍ തേടി ടെലിഗ്രാം മെസഞ്ചറിദ് കത്തയിച്ചിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ഇതില്‍, സ്‌ഫോടന ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്നും എഴുതിയിട്ടുണ്ട്. 'ഭീരുക്കളായ ഇന്ത്യന്‍ ഏജന്‍സിയും അവരുടെ യജമാനനും ചേര്‍ന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങള്‍ എത്രത്തോളം അടുത്താണെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കാന്‍ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്' പോസ്റ്റില്‍ പറയുന്നു.
ഖലിസ്ഥാന്‍ അനുകൂല ഭീകരവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുവിനെ മുന്‍ റോ ഏജന്റ് വികാഷ് യാദവ് വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ വികാഷ് യാദവിനെതിരെ യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണോ സ്‌ഫോടനമെന്നും ഡല്‍ഹി പൊലീസ് അന്വേഷിക്കുന്നുണ്ട്.
റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. ആളപായം സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്ഥലം തിരഞ്ഞെടുത്തതെന്നും, മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെ 7.47ഓടെയാണ് രോഹിണിയില്‍ പ്രശാന്ത് വിഹാറിന് സമീപത്തുള്ള സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സ്‌കൂളിന് കേടുപാടുകള്‍ സംഭവിച്ചു. സ്‌കൂളിനടുത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. ആളപായമുണ്ടായിട്ടില്ല. സ്‌ഫോടനത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍.
ഫൊറന്‍സിക് പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ വെള്ള നിറത്തിലുള്ള രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്ഫോടനത്തിന് ശേഷം പ്രദേശത്ത് മുഴുവന്‍ രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടുവെന്നും സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.