ഗസിയാബാദ്: ഡൽഹിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അൻവിത ശര്‍മയെയാണ്(31) മരിച്ചത്ഗ. സിയാബാദിലെ വസുന്ധരയിലുള്ള വീട്ടിലാണ് ദാരുണ സംഭവം നടന്നത്. ഒടുവിൽ നടന്ന അന്വേഷണത്തിൽ സ്ത്രീധനപീഡനമെന്ന് തെളിയുകയായിരുന്നു. ഉടനെ തന്നെ കേസിൽ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് കേസ് ചാർജ് ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജീവിതം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് അൻവിത സഹോദരൻ അമിതിന് മെസേജ് അയച്ചിരുന്നു. "ഞാൻ നിന്നെ സ്നേഹിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ, എല്ലാവരെയും നോക്കണം" എന്നായിരുന്നു മെസേജ്. ഉടൻ തന്നെ താൻ ഭര്‍ത്താവിനെ വിവരം അറിയിച്ചതായി അമിത് പറഞ്ഞു. 2019ലായിരുന്നു അൻവിതയും ഡോക്ടറായ ഗൗരവ് കൗശിക്കും തമ്മിലുള്ള വിവാഹം നടന്നത്.

പക്ഷെ വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇരുവരും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് സഹോദരനും പറയുന്നു. ബന്ധം വേര്‍പെടുത്താൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൗശിക് തടയുകയായിരുന്നുവെന്ന് അമിത് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് യുവതിയുടെ ഭർത്താവും നാല് വയസുള്ള മകനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് നിന്ന് ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. "ക്ഷമിക്കണം, എനിക്കിനി ഇത് സഹിക്കാൻ കഴിയില്ല, അതിനാൽ ഞാൻ ഈ ലോകം വിടുകയാണ്. എന്‍റെ ഭർത്താവിന് എല്ലാ വീട്ടുജോലികളും ചെയ്യാനും പണം സമ്പാദിക്കാനും കഴിയുന്ന ഒരു സുന്ദരിയായ പെൺകുട്ടിയെ വേണം. എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു, പക്ഷേ ആ മനുഷ്യൻ എപ്പോഴും കുറ്റം കണ്ടെത്തുകയായിരുന്നു."

യുവതി മരണത്തിന് തൊട്ടുമുന്‍പ് എഴുതിയ കുറിപ്പിൽ പറയുന്നു. ''വഴക്കുകൾ ഉണ്ടാകുമ്പോൾ ഭര്‍ത്താവ് എന്നെയും എന്‍റെ കുടുംബത്തെയും പരിഹസിക്കുമായിരുന്നു. ഞങ്ങളെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നുണ്ടെന്ന് പറയും. വിവാഹശേഷം എന്നെ കൂടുതൽ പഠിക്കാൻ അയാൾ അനുവദിച്ചില്ല. എന്‍റെ ബാങ്ക് അക്കൌണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് അയാളായിരുന്നു. അദ്ദേഹം എന്നെയല്ല, എന്‍റെ ജോലിയെയാണ് വിവാഹം കഴിച്ചത്'' കുറിപ്പിൽ പറയുന്നു.

അതേസമയം, മകളുടെ വിവാഹത്തിന് വേണ്ടി മാത്രം ഏകദേശം 26 ലക്ഷം രൂപ ചെലവഴിച്ചതായി അൻവിതയുടെ പിതാവ് അനിൽ ശർമ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "കൗശിക്കിന്‍റെ കുടുംബം അത്യാഗ്രഹികളാണെന്ന് ഞങ്ങൾക്ക് മനസിലായി. അവർ ആദ്യമായി എന്‍റെ മകളെ കാണാൻ വന്നപ്പോൾ, ഒരു വാഹനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ആദ്യം ഞാനത് സമ്മതിച്ചില്ല, പക്ഷേ പിന്നീട് അത് എന്‍റെ മകൾക്ക് സമ്മാനമായി നൽകാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അതും കൗശിക്കിന്‍റെ പേരിലായിരുന്നു," അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.