- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന; കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തി; കാറില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും; ആ കറുത്ത മാസ്ക്കിട്ട ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കുന്നത് നിര്‍ണായക സൂചന; കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു
പൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന; കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്?
ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിന് ഫരീദാബാദിലെ ഭീകര സംഘവുമായി ബന്ധമെന്ന് സംശയം. ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്ന് സൂചനകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഫരീദാബാദ് ഭീകര സംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്.
സ്‌ഫോടനം നടന്ന ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്നകാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്‌ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി താരിഖ് ആണെന്നാണ് പുറത്തുവരുന്ന വിവരം. നടന്നത് ചാവേര്‍ ആക്രമണമാണെന്നും സൂചനകളുണ്ട്. സ്ഫോടനത്തിന് കാരണം ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ എന്നും വിവരമുണ്ട്. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കാര്‍ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ്ങില്‍ എത്തിയത് വൈകീട്ട് 3 19നാണ്. 6.48ന് പാര്‍ക്കിംഗില്‍ നിന്നും വാഹനം പുറത്തേക്ക് എടുത്തു. സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 നാണ്.
ദര്യ ഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീര്‍ ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളില്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. സെഷന്‍ 16, 18 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊട്ടിത്തെറിച്ച കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്ന് മണിക്കൂര്‍ നിര്‍ത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും വിവരം. മാര്‍ക്കറ്റിന് സമീപത്തേക്ക് കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത് ട്രാഫിക്ക് സിഗ്‌നല്‍ കാരണം വണ്ടി നിര്‍ത്തേണ്ടി വന്നതോടെ എന്ന് പൊലീസ് നിഗമനം.
അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ എന്താണ് സ്‌ഫോടന കാരണമെന്ന് മനസിലാകു എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 20ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ കാറുടമയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സല്‍മാന്‍ എന്നയാളാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രേഖകഖള്‍ കാണിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ഡല്‍ഹി ചെങ്കോട്ടയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. ലാല്‍കില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്‌നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാര്‍, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകളെല്ലാം പൊട്ടിത്തെറിയില്‍ തകര്‍ന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയര്‍ന്നെന്നും ഒരു കിലോമാറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് സ്‌ഫോടനമെന്നതിനാല്‍ ഭീകരസംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരില്‍നിന്ന് 2900 കിലോ സ്‌ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതില്‍ 360 കിലോഗ്രാം ആര്‍ഡിഎക്‌സാണ്. ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ഘസ് വാത്ഉള്‍ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകരാണ് പിടിയിലായത്.ആഭ്യന്തരമന്ത്രി അമിത്ഷാ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ചെങ്കോട്ടയും ഡല്‍ഹിയിലെ ജമാമസ്ജിദും സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകുന്നേരങ്ങളിലായതിനാല്‍ ഈ സമയംനോക്കി ആസൂത്രിതമായിനടത്തിയ സ്‌ഫോടനമാണെന്നാണ് പോലീസ് നിഗമനം. കാറിനകത്ത് എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്‌ഫോടനശബ്ദം 30 സെക്കന്‍ഡോളം നീണ്ടു. തീയണയ്ക്കാന്‍ അരമണിക്കൂറിലേറെ വേണ്ടിവന്നതായി ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. സ്‌ഫോടനമുണ്ടായ ഉടന്‍ പോലീസും 24-ഓളം അഗ്‌നിരക്ഷാ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഭീകരവാദവിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കാറുകള്‍ കത്തിയമരുന്ന വീഡിയോദൃശ്യങ്ങളില്‍ സംഭവത്തിന്റെ ഭീകരത പ്രകടമാണ്.
സംഭവം നടന്നതിന് നൂറുമീറ്റര്‍ താഴെയായാണ് ഗൗരിശങ്കര്‍ ക്ഷേത്രം. അതിന് സമീപത്തുതന്നെയാണ് സിഖുകാരുടെ ഗുരുദ്വാരയും പുരാതനമായ ചാന്ദ്നിചൗക്ക് ബസാറും സ്ഥിതിചെയ്യുന്നത്. സംഭവംനടന്ന മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിനു തൊട്ടടുത്തായുള്ള ചെങ്കോട്ടമൈതാനത്ത് സിഖുകാരുടെ വന്‍ പ്രദര്‍ശനമേളയ്ക്കായി പന്തലൊരുക്കല്‍ പണിയും നടന്നുവരുന്നു.




