- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍; മണ്ണന്തലയിലെ വാടകവീട്ടില്‍ കാര്‍ കത്തിയ സംഭവത്തിലും ദുരൂഹത; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയ പാളികള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയത് ചട്ടം അട്ടിമറിച്ചെന്നും കണ്ടെത്തല്‍
ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം
കൊച്ചി: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. ദേവസ്വം വിജിലന്‍സിന് മുന്നില്‍ മൊഴിയും ബാങ്ക് രേഖകളും ഹാജരാക്കിയാണ് അദ്ദേഹം പ്രതികരിച്ചത്. തന്നെ ആരും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നേരത്തെ ഹൈക്കോടതിയില്‍ ഇന്‍കം ടാക്‌സ് അടച്ചതിന്റെ വിശദാംശങ്ങള്‍ പോറ്റി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അക്കൗണ്ടുകളില്‍, കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി ദേവസ്വം വിജിലന്‍സിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച പണം, മറ്റ് വ്യക്തികളുമായുള്ള ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.
മണ്ണന്തലയില്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലെ കാര്‍ കത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മുന്‍പ് ഒരു കേസ് നിലവിലുണ്ടായിരുന്നു. എന്നാല്‍, ഈ കേസില്‍ അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്താനായില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിഷയത്തിലും വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണ്ണപ്പാളി സംബന്ധിച്ച വിഷയത്തില്‍ പതിവ് പ്രതികരണം തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാഗത്തുനിന്നും ഇന്നുമുണ്ടായത്. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ തനിക്ക് സഞ്ചാര സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം നിലപാടെടുത്തു.
സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ വരും ദിവസങ്ങളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെയും സ്‌പോണ്‍സര്‍മാരായിരുന്നവരുടെയും മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും ദേവസ്വം വിജിലന്‍സ് ആലോചിക്കുന്നുണ്ട്. ഈ അന്വേഷണം പോറ്റിയുടെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയ പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയതിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയപ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട തിരുവാഭരണം കമ്മീഷണര്‍ യോഗത്തില്‍ പങ്കെടുത്തില്ല എന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു. പാളികള്‍ പുനഃസ്ഥാപിച്ചപ്പോള്‍ ഭാരം പോലും കണക്കാക്കിയില്ലെന്ന് വ്യക്തമാക്കുന്ന മഹസര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷയത്തില്‍ കൂടുതല്‍ ദുരൂഹത ഉടലെടുത്തത്.
1999-ല്‍ പൊതിഞ്ഞ സ്വര്‍ണം പെട്ടെന്ന് നശിക്കില്ലെന്ന് ജോലി ചെയ്ത ജ്വല്ലറി ഉടമ വ്യക്തമാക്കിയിട്ടും, 2019 ജൂലൈ 5-ന് ദേവസ്വം ബോര്‍ഡ് സ്വര്‍ണത്തെ ചെമ്പായി രേഖപ്പെടുത്തുകയായിരുന്നു. ഈ നടപടി ആസൂത്രിത അട്ടിമറിയാണെന്ന് സൂചിപ്പിക്കുന്നു. ശില്‍പ്പങ്ങളുടെ പാളി കൈമാറാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും, 2019 ജൂലൈ 20-ന് നടന്ന കൈമാറ്റ ചടങ്ങില്‍ തിരുവാഭരണം കമ്മീഷണര്‍ വി.ബൈജു പങ്കെടുത്തില്ല. മഹസറില്‍ ഒപ്പിടുകയോ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയോ ചെയ്തില്ല. ഇതോടെ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാന്‍ അവസരമുണ്ടായി.
സെപ്റ്റംബര്‍ 11-ന് സ്വര്‍ണം പൂശിയ പാളികള്‍ തിരിച്ചെത്തിച്ചപ്പോഴും തിരുവാഭരണം കമ്മീഷണറോ വിദഗ്ധരോ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയ പാളികളുടെ ഭാരം പോലും കണക്കാക്കാതെ പുനഃസ്ഥാപിക്കുകയായിരുന്നു. മേല്‍ശാന്തിയും തന്ത്രിയും പരിശോധിച്ചതായി മഹസറില്‍ രേഖപ്പെടുത്തിയെങ്കിലും, ഒപ്പിട്ട മേല്‍ശാന്തി തന്നെ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് നിറം മങ്ങിയതായി ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ആര്, എന്തിന് വേണ്ടിയാണ് ശില്‍പ്പങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്ന ചോദ്യം ബാക്കിയാക്കുന്നു.