കാസർകോഡ്: കാഞ്ഞങ്ങാട് ബ്യൂട്ടീഷനായ യുവതിയെ യുവാവ് ലോഡ്ജിനുള്ളിൽ കഴുത്തറുത്തുകൊന്ന സംഭവം മലയാളികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ ജീവിക്കാൻ അനുവദിക്കില്ല എന്ന സാഹചര്യം വന്നപ്പോഴാണ് ദേവികയെ വിളിച്ചുവരുത്തി കൊല ചെയ്തതെന്ന് പ്രതി സതീഷ് ഭാസ്‌കർ പറയുന്നു. കൊലയ്ക്ക് ശേഷം ലോഡ്ജിലെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം ഹോസ്ദുർഗ് സ്‌റ്റേഷനിൽ വന്ന് ഇൻസ്പക്ടർ കെ പി ഷൈനിനോട് താൻ ഒരാളെ കൊലപ്പെടുത്തി എന്നേറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നു. ഈ സംഭവം സതീഷിന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി മാറി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സ്‌റ്റേഷനിൽ വന്നുപറഞ്ഞാൽ പോരായിരുന്നോ ജീവനെടുക്കണമായിരുന്നോ എന്ന് ഷൈൻ ചോദിച്ചുപോയി.

ചൊവ്വാഴ്ചയാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫീസിൽ ഇരിക്കുമ്പോൾ ഒരു പരാതിയെത്തി. സ്റ്റേഷൻ കവാടത്തിലേക്കുചെന്ന് അവരോടും ജി.ഡി. ചാർജുള്ള പൊലീസിനോടും സംസാരിക്കവെയാണ് പാന്റ്സും ഷർട്ടും ധരിച്ച സുമുഖനായ ഒരു യുവാവ് നടന്നുവരുന്നത് കണ്ടത്.സമയം വൈകിട്ട് നാലുമണി കഴിഞ്ഞിരുന്നു. അയാൾ കൈകൊണ്ടുള്ള ആംഗ്യത്തോടെ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അയാളെയും കൂട്ടി ഓഫീസ് മുറിയിലെത്തി. ഇരിക്കാൻ പറഞ്ഞെങ്കിലും അയാൾ ഇരുന്നില്ല. സർ, എന്റെ പേര് സതീഷ് ഭാസ്‌കർ. ബോവിക്കാനം സ്വദേശിയാണ്. ഇവിടെ സെക്യൂരിറ്റി ഏജൻസി നടത്തുന്നു. ഞാൻ ഒരാളെ കൊലപ്പെടുത്തി -അയാൾ പറഞ്ഞു.

താൻ എന്താ കളിയാക്കുന്നോ എന്ന് ചോദിച്ചു. അല്ല സർ, ഞാൻ ഒരാളെ കൊന്നിട്ടാണ് വരുന്നതെന്ന് അയാൾ വീണ്ടും പറഞ്ഞു. പാന്റ്സിന്റെ കീശയിൽനിന്ന് ഒരു പൊതിയെടുത്തു. അതിനുപുറത്ത് കത്തിയുടെ പിടി കാണാമായിരുന്നു. കത്തി പുറത്തേക്കെടുത്ത് പറഞ്ഞു. സർ, ഇതുകൊണ്ടാണ് കൊന്നത്. ആ കത്തി നിറയെ ചോരയായിരുന്നു. അയാളുടെ ഷർട്ടിൽ ഉണങ്ങിയ ചോരപ്പാട് കണ്ടു. ഔദ്യോഗിക ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. അയാളോട് കടുപ്പിച്ച് ചോദിച്ചു എന്താ സംഭവിച്ചേ. അയാളോട് ഇരിക്കാൻ പറഞ്ഞു. അയാൾ അവിടെയിരുന്നു. ഇത്തിരി വെള്ളം കുടിച്ചശേഷം അയാൾ പറഞ്ഞു. ഉദുമ കുണ്ടോളംപാറയിലെ ദേവികയെയാണ് ഞാൻ കൊന്നത്. (ലോഡ്ജിന്റെ പേരും മുറിനമ്പറും യുവതിയുടെ വീട്ടുവിലാസവുമെല്ലാം പറയുന്നു). ലോഡ്ജ് മുറിയുടെ താക്കോലും തന്നു.

പെട്ടെന്ന് ടൗണിലുള്ള എസ്‌ഐ.യെ വിളിച്ച് ഹോട്ടലിലേക്ക് പോകാൻ പറഞ്ഞു. എസ്‌ഐ. അവിടെയെത്തി മുറി തുറന്നപ്പോൾ യുവതി മരിച്ചുകിടക്കുന്നത് കണ്ടു. വിവരം എന്നെ അറിയിക്കുകയും ചെയ്തു. വന്നയാൾ പറയുന്നുണ്ടായിരുന്നു ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കൊന്നതെന്നും മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സർ ഞാൻ ഇവിടേക്ക് വന്നതെന്നും. വിവാഹത്തിനു മുൻപേയുള്ള പരിചയമാണ് ദേവികയുമായുള്ളതെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നുവെന്നും അയാൾ പറഞ്ഞു. ഒരപകടം പറ്റി കിടപ്പിലായപ്പോൾ താൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞതെന്നും പിന്നീട് താനും വേറെ കല്യാണം കഴിച്ചുവെന്നും അയാൾ പറഞ്ഞു.

തന്റെ ഭാര്യയെ ഉപേക്ഷിച്ച് അവളെ കല്യാണം കഴിക്കണമെന്ന് പറയുന്നു. ജീവിക്കാൻ അനുവദിക്കില്ലെന്ന് വന്നപ്പോഴാണ് കൊല്ലേണ്ടിവന്നതെന്നും അയാൾ പറഞ്ഞു. 'ന്റ ചങ്ങായീ, ഒന്നു സ്റ്റേഷനിൽ വന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്‌നല്ലായിരുന്നോ. ജീവനെടുക്കണമായിരുന്നോ'യെന്ന് ചോദിച്ചതും അയാൾ പൊട്ടിക്കരഞ്ഞു.

കാമുകിയോട് കാട്ടിയതുകൊടുംക്രൂരത

യുവതിയെ ലോഡ്ജിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിറയുന്നത് കാമുക ക്രൂരത. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ചാണ് ലോഡ്ജിൽ എത്തിച്ചത് എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. എന്നാലിപ്പോൾ സതീഷിന്റെ മൊഴി കേട്ട് പൊലീസും ഞെട്ടിയിരിക്കുകയാണ്. പ്രണയനിയെ കിടക്കിയിൽ മലർത്തിക്കിടത്തി വായ പൊത്തിപ്പിടിച്ച് തന്റെ കാൽമുട്ടുകൊണ്ട് അവളുടെ കൈ അമർത്തിയാണ് കഴുത്തറുത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന് സതീഷ് മൊഴി നൽകിയിരിക്കുന്നത്.

അതിനിടെ കൊലനടന്ന മുറിയിൽ നിന്ന് രണ്ട് കത്തികൂടി പൊലീസ് കണ്ടെത്തി. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുമ്പോൾ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിക്ക് സമാനമല്ല മറ്റ് രണ്ടു കത്തികളെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം സതീഷ് ഭാസ്സറിനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

അതേസമയം കൊലപാതകം കൃത്യമായ ആസൂത്രണമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്. സതീഷ് കൃത്യമായ പ്ലാനിംഗോടെയാണ് കാമുകിയെ കൊലപ്പെടുത്തിയത് എന്നാണ് സാഹചര്യ തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. ദേവികയെ കള്ളം പറഞ്ഞ് ലോഡ്ജിൽ എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് തെളിയുന്നത്. ഇതിലേക്ക് വഴിതെളിക്കുന്ന നിർണായക സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ചാണ് ലോഡ്ജിൽ എത്തിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. ബ്യൂട്ടിഷ്യന്മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജിൽ എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ലോഡ്ജിൽ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ലോഡ്ജ് മുറിയിൽ എത്തിച്ച ദേവികയെ സതീഷ് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായാണ് സതീഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോഡ്ജ് മുറിയിൽ നിന്ന് രണ്ട് കത്തികൾ കൂടി കണ്ടെടുത്തു. പ്രതിയുടെ ഫോണും പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് യുവതിയെ ലോഡ്ജിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തിൽ നടത്തിയെന്ന വിവരമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയും ബോവിക്കാനം സ്വദേശിയായ സതീശൻ തമ്മിൽ പത്തുവർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള കലഹത്തെ തുടർന്ന് രണ്ടുമാസം മുമ്പ് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ചയും നടത്തിയിരുന്നു. തന്റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊന്നതെന്നാണ് പ്രതിയുടെ മൊഴി. ഈ മൊഴി വിശ്വസനീയമല്ലെന്നാണ് ലഭിക്കുന്ന വിവരം.

2016 ൽ സതീഷ് കാരണം മറ്റൊരു പെൺകുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡിലായി. ദേവികയുടെ ഭർത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.

പ്രതിയായ സതീഷ് കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തുകയാണ്. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ദേവികയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകിട്ട് മുക്കുന്നോത്ത് വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു.