തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പൊലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടാനായി കേസിലെ പരാതിക്കാരന്‍ ധര്‍മ്മരാജന്‍ നല്‍കിയ ഹര്‍ജി തുടരന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. ഈ സാഹചര്യത്തില്‍ കാറില്‍ കണക്കില്‍ കവിഞ്ഞ തുക ഉണ്ടായിരുന്നില്ലെന്ന വാദം പരാതിക്കാര്‍ക്ക് ഉന്നയിക്കാന്‍ കഴിയില്ല. 25 ലക്ഷം രൂപയുടെ മോഷണമാണ് പരാതിയിലുണ്ടായിരുന്നത്. അന്വേഷണത്തില്‍ പോലീസ് കൂടുതല്‍ തുക കണ്ടെത്തി. ഇതോടെ കൊടകര കേസ് പുതിയ മാനങ്ങളിലേക്ക് പോയി. ഇതിനിടെയാണ് പരാതിക്കാരനായ ധര്‍മ്മരാജന്‍ പുതിയ നീക്കം നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നും അതിനാല്‍ വിട്ടുകിട്ടണം എന്ന ആവശ്യവുമായി ഹര്‍ജി നല്‍കി. പക്ഷേ രേഖകളുടെ കുറവ് മൂലം പണം കിട്ടിയില്ല. എന്നാല്‍ പുനരന്വേഷണം ഇനി പ്രതിസന്ധിയാവുകയും ചെയ്യും. ധര്‍മരാജനേയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനേയും കേസില്‍ ഉടന്‍ ചോദ്യം ചെയ്യും.

ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പണം ബിജെപിയുടേതാണെന്നും പരപ്രേരണ മൂലമാണ് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പിടിച്ചെടുത്ത പണം ബിസിനസ് ഇടപാടില്‍, ഡല്‍ഹി സ്വദേശി നല്കിയ തുകയാണിതെന്ന് ധര്‍മ്മരാജന്റെ അപേക്ഷയില്‍ പറയുന്നു. കവര്‍ച്ചാ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടണമെന്നാണ് കോടതിയില്‍ നല്കിയ ഹര്‍ജി. ബിസിനസ് ആവശ്യത്തിനായി എറണാകുളത്തേക്ക് പണം കൊണ്ടുപോയപ്പോഴാണ് കവര്‍ച്ച നടന്നതെന്നാണ് ധര്‍മരാജന്‍ പറഞ്ഞിരുന്നത്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഒന്നേകാല്‍ കോടിയോളം രൂപ മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, 25 ലക്ഷം രൂപ മാത്രമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറില്‍ ഉണ്ടായിരുന്നതായും ഇത് കുഴല്‍പ്പണമാണെന്നും ധര്‍മരാജന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഈ മൊഴി കോടതിയില്‍ മാറ്റി പറയാന്‍ ധര്‍മ്മരാജന് അവസരമുണ്ടായിരുന്നു. അങ്ങനെ വന്നെങ്കില്‍ കൊടകരയില്‍ 2 ലക്ഷമോ നഷ്ടമായിരുന്നുള്ളൂവെന്ന് ധര്‍മരാജന് ഇനിയും പറയാമായിരുന്നു. എന്നാല്‍ കോടതിയിലെ ഹര്‍ജിയോടെ ഈ സാധ്യത അടഞ്ഞു. അതുകൊണ്ട് തന്നെ വലിയ മാനങ്ങളുള്ള പുനരന്വേഷണമായി കൊടകര കേസ് ഇനി മാറാന്‍ സാധ്യതയുണ്ട്. കൊടകര കോടതിയില്‍ പണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് വെറുമൊരു മോഷണക്കേസായി അത് മാറുമെന്ന പ്രതീക്ഷയിലാണ്. ഇതിനിടെയാണ് തിരീര്‍ സതീശിന്റെ മൊഴി ചര്‍ച്ചകളിലെത്തുന്നത്. ഇടതു സര്‍ക്കാരിന് പുനരന്വേഷണം നടത്തേണ്ട സാഹചര്യവുമുണ്ടായി. ഈ അന്വേഷണത്തില്‍ ഇനി 25 ലക്ഷം മാത്രമേ മോഷണം പോയുള്ളൂവെന്ന ന്യായം പറയാന്‍ ധര്‍മ്മരാജന് കഴിയില്ല. പരാതി അടക്കം നല്‍കിയത് സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന മൊഴിയുമുണ്ട്. ഇതെല്ലാം മാറ്റി പറഞ്ഞാല്‍ കേസില്‍ ധര്‍മരാജന്‍ എല്ലാ അര്‍ത്ഥത്തിലും കുടുങ്ങും. ഇതിന് കാരണം ഇരിങ്ങാലക്കുടയില്‍ പണത്തിനായി നല്‍കിയ ഹര്‍ജിയാണ്. കള്ളപ്പണ ഇടപാടിന് തെളിവായുള്ള കുറ്റസമ്മതമായി അത് നിലനില്‍ക്കും.

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ നേരത്തെ കുറ്റപ്പത്രം സമര്‍പ്പിച്ച കേസായതിനാലാണ് തുടരന്വേഷണത്തിന് കോടതി അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വി കെ രാജു ഹര്‍ജി നല്‍കിയത്. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ്കുമാറാണ് അനുകൂല ഉത്തരവിട്ടത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ കേസില്‍ ഹാജരായി. കേസിന്റെ തുടര്‍നടപടികള്‍ ഇരിങ്ങാലക്കുട കോടതിയില്‍ നടക്കും. തിരൂര്‍ സതീശിന്റെ മൊഴി പോലീസ് ശനിയാഴ്ച രാവിലെ രേഖപ്പെടുത്താനും തുടങ്ങി.

കുഴല്‍പ്പണം കടത്തിയ ധര്‍മരാജനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാപ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ എന്നിവര്‍ പരിചയപ്പെടുത്തിയതായി സതീശ് വെളിപ്പെടുത്തിയിട്ടുണ്ട്. പണം വരുന്ന ദിവസം രാത്രി ഓഫീസ് അടക്കരുതെന്നും നേതാക്കള്‍ നിര്‍ദേശിച്ചു. കുഴല്‍പ്പണ സംഘത്തിന് ലോഡ്ജില്‍ മുറിയെടുത്ത് നല്‍കി. ജില്ലാ ട്രഷറര്‍ സുജയസേനനും ധര്‍മരാജനും കൂടെയുള്ളവരും ചേര്‍ന്നാണ് പണച്ചാക്കുകള്‍ ഓഫീസിന് മുകളിലേക്ക് കയറ്റിയത്. ഈ പണം കെട്ടുകളിലാക്കി മേശപ്പുറത്ത് വയ്ക്കുന്നത് കണ്ടതായും വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് പണം സൂക്ഷിച്ചതും വിതരണം ചെയ്തതുമടക്കം വിശദാംശങ്ങള്‍ നേരിട്ടറിയുകയും ഇടപെടുകയും ചെയ്തുവെന്ന് പറയുന്ന ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് ശനിയാഴ്ച പ്രത്യേക അന്വേഷകസംഘത്തിന് മൊഴി നല്‍കുന്നത് അതിനിര്‍ണ്ണായകമാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കുള്ളില്‍നിന്നുതന്നെ വലിയ എതിര്‍പ്പ് നേരിടുന്ന സുരേന്ദ്രനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ആരും തയ്യാറാകുന്നില്ല. വി മുരളീധരനടക്കം കൈവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴല്‍പ്പണം എത്തിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷക സംഘത്തോട് വെളിപ്പെടുത്തുമെന്ന് തിരൂര്‍ സതീശന്‍ പറഞ്ഞിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ല. എന്തുകൊണ്ട് കള്ളപ്പണം ഇറക്കി, പണം എന്തു ചെയ്തു തുടങ്ങിയവയില്‍ തനിക്കറിയാവുന്നതെല്ലാം പൊലീസിനോട് പറയുമെന്നും സതീശന്‍ വെളിപ്പെടുത്തിയിരുന്നു. കുഴല്‍പ്പണം ഉപയോഗിച്ച് നേതാക്കള്‍ വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയതായി അറിയാമെന്ന് നേരത്തേ സതീശന്‍ പറഞ്ഞിട്ടുണ്ട്.