പാലക്കാട്: പാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മരിച്ചത് കാർ ഉടമയെന്നാണ് നിഗമനം. വേലിക്കാട് സ്വദേശി പോൾ ജോസഫ് എന്ന ആളാണ് അതിദാരുണമായി മരിച്ചത്.

വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി ചാമ്പലായ നിലയിലായിരുന്നു. ഡ്രൈവിംഗ് സീറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാൾ ജീവനൊടുക്കിയത് ആണെന്നും പ്രാഥമിക വിവരം ഉണ്ട്. പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പാലക്കാട് ധോണിയിലാണ് പൂർണമായി കത്തിനശിച്ച കാറിനെ കണ്ടെത്തിയത്. ധോണി-മുണ്ടൂർ റോഡിലെ അരിമണി എസ്റ്റേറ്റ് പരിസരത്താണ് ഈ സംഭവം നടന്നത്. കാർ നിന്ന് കത്തുന്നത് കണ്ട ഒരു വഴിയാത്രികൻ പോലീസിനെ ഉടനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ തീയണയ്ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും, അപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്.

മുണ്ടൂർ വേലിക്കാട് സ്വദേശി പോൾ ജോസഫ് ആണ് അപകടത്തിൽപ്പെട്ടത്. കാർ ഉടമ തന്നെയാണ് മരിച്ചതെന്നും പോലീസിന് ലഭിച്ച പ്രാഥമിക വിവരത്തിൽ ഉണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ എത്തി പരിശോധനകൾ നടത്തി.

കേസിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ സംഭവത്തിന്റെ കാരണം കണ്ടെത്താനുമുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.