- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന് വാദം; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ തട്ടിപ്പ്; വിരമിച്ച ജീവനക്കാരനെ 'ഡിജിറ്റല്‍ അറസ്റ്റിലാക്കി' തട്ടിയത് 12.8 കോടി രൂപ; പ്രതി പിടിയില്‍
മുംബൈ: നഗരത്തിലെ വിരമിച്ച ജീവനക്കാരനെ 'ഡിജിറ്റല്‍ അറസ്റ്റിലാക്കി' 12.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഡല്‍ഹി പഹര്‍ഗഞ്ച് സ്വദേശി അരവിന്ദ് സിങ് പൊലീസ് പിടിയിലായി. ഇയാളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ഡിസംബറിലാണ് ചെമ്പൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച 56-കാരന്‍ തട്ടിപ്പ് നേരിട്ടത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജനാമത്തില്‍ ഇയാളെ മൊബൈല്‍ ഫോണിലൂടെ ഒരാള്‍ സമീപിച്ചിരുന്നുവെന്നും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പല സംസ്ഥാനങ്ങളില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്നും വാദിച്ചിരുന്നു.
തുടര്‍ന്ന് വാട്‌സാപ്പ് വീഡിയോ കോളില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അറസ്റ്റ് വാറന്റിന്റെ വ്യാജ പകര്‍പ്പും കാണിച്ച ശേഷമാണ് 30 ദിവസത്തെ ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തല്‍. അതിനിടെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന പേരിലും മറ്റ് വ്യാജ പ്രതിനിധികള്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടു. ഭീഷണിക്ക് ഭയന്ന്, പരാതിക്കാരന്‍ തന്റെ അമ്മയുടെ സഹപേരിലുള്ള ബാങ്ക് അക്കൗണ്ടില്‍നിന്ന് വിവിധഘട്ടങ്ങളിലായി 12.8 കോടി രൂപ തട്ടിപ്പുകാര്‍ക്ക് ഓണ്‍ലൈന്‍ വഴി കൈമാറുകയായിരുന്നു. തുക ലഭിച്ച ശേഷം തട്ടിപ്പുകാര്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചു.
പോലീസില്‍ പരാതിയുമായി എത്തിയതിനെത്തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പില്‍ അരവിന്ദ് സിങ്ങിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കപ്പെട്ടത് കണ്ടെത്തിയത്. തട്ടിപ്പിലേര്‌പ്പെട്ട പണത്തില്‍ 98 ലക്ഷം രൂപ നേരിട്ട് ഇയാളുടെ അക്കൗണ്ടിലേക്ക് കൈമാറിയതായും അന്വേഷണത്തില്‍ വ്യക്തമായി. അക്കൗണ്ട് ഉപയോഗിച്ചത് മാത്രമല്ല, തട്ടിപ്പില്‍ സജീവ പങ്കാളിത്തമുണ്ടെന്ന ഉറപ്പ് ലഭിച്ചതിനാലാണ് അറസ്റ്റ് നടപടികള്‍ സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.