- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബിഎസ്എൻഎൽ വകുപ്പിൽ നിന്നെന്ന വ്യാജേന വയോധികന് ഫോണിൽ കോളെത്തി; ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി പണമിടപാടുകൾ നടന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പിന്നാലെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി; 'ഡിജിറ്റൽ അറസ്റ്റി'ലൂടെ സൈബർ സംഘം തട്ടിയത് കോടികൾ

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിയായ വയോധികന് വ്യാജ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 3.72 കോടി രൂപ. മുംബൈയിലെ ബിഎസ്എൻഎൽ, ക്രൈംബ്രാഞ്ച്, സൈബർ സെൽ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ തട്ടിപ്പ് സംഘം, "ഡിജിറ്റൽ അറസ്റ്റ്" അടക്കമുള്ള വ്യാജ ഭീഷണികൾ മുഴക്കിയാണ് പണം തട്ടിയെടുത്തത്. 17 തവണകളായാണ് വയോധികന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇത്രയും വലിയ തുക തട്ടിപ്പുകാർ കൈക്കലാക്കിയത്. ഒരു ഫോൺ കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. മുംബൈ ബിഎസ്എൻഎൽ വകുപ്പിൽനിന്നാണെന്ന് പരിചയപ്പെടുത്തിയ അവർ ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു സംസാരിച്ചത്.
വയോധികന്റെ ഫോണിൽനിന്ന് ഭീഷണി സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും നിയമവിരുദ്ധ പരസ്യങ്ങളും നൽകിയതായി ആരോപിക്കുകയും മുംബൈ ക്രൈംബ്രാഞ്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഗ്രേറ്റർ മുംബൈ സൈബർ സെല്ലിൽനിന്നാണെന്ന് അവകാശപ്പെട്ട് വാട്‌സാപ്പ് കോൾ വന്നു. വയോധികന്റെ ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി പണമിടപാടുകൾ നടത്തിയെന്നും അറസ്റ്റ് വാറന്റുണ്ടെന്നും ഓൺലൈനിലൂടെ കോടതിയിൽ ഹാജരാകണമെന്നും അവർ ആവശ്യപ്പെട്ടു.
2025 ജൂലായ് 18 മുതൽ ഓഗസ്റ്റ് നാലുവരെ വയോധികൻ "ഡിജിറ്റൽ അറസ്റ്റിലാണെന്നും" കേസിൽനിന്ന് രക്ഷപ്പെടാൻ പണം അടയ്ക്കണമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. ഭയന്നുപോയ വയോധികനിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയ സംഘം, 17 തവണകളായി 3.72 കോടി രൂപ തട്ടിയെടുത്തു. "ഡിജിറ്റൽ അറസ്റ്റ്" എന്നൊരു സംഭവമേ നിലവിലില്ലെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോളാണ് ഇത്തരമൊരു തട്ടിപ്പ് അരങ്ങേറിയത്.
മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യാൻ പോകുകയാണെന്ന് ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പേരിൽ ലഭിക്കുന്ന ഫോൺകോളുകളാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കമെന്ന് സൈബർ പോലീസ് വിശദീകരിക്കുന്നു. ചിലപ്പോൾ വ്യക്തികൾ നേരിട്ട് വിളിക്കുകയോ ഓട്ടോമേറ്റഡ് കോളുകളോ ആകാം ഇത്. മൊബൈൽ നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നോ ആധാർ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപയോഗിച്ച് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തുന്നെന്നോ ആയിരിക്കും ആരോപണം.
ഈ സാഹചര്യത്തിൽ പേരിലുള്ള എല്ലാ ഫോൺ നമ്പരുകളും ബ്ലോക്ക് ചെയ്യുമെന്നും തട്ടിപ്പുകാർ മുന്നറിയിപ്പ് നൽകും. നമ്പർ ബ്ലോക്ക് ചെയ്യാതിരിക്കാൻ തങ്ങൾ പറയുന്ന നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഭയന്ന് പലരും ഈ നിർദേശങ്ങൾ വിശ്വസിക്കുകയും ബാങ്കിങ് വിശദാംശങ്ങളും പാൻ നമ്പറുകളുമടക്കം കൈമാറി തട്ടിപ്പിന് ഇരയാകുകയുമാണ് പതിവ്.


