- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വയോധികന്റെ ആധാർ കാർഡിൽ മറ്റൊരാൾ ബാങ്ക് അക്കൗണ്ട് എടുത്തു; പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു; തട്ടിപ്പ് സംഘം വിളിച്ചത് മുംബൈ പൊലീസെന്ന വ്യാജേന; ഡിജിറ്റൽ അറസ്റ്റിലൂടെ 85കാരന് നഷ്ടമായത് കോടികൾ
മുംബൈ: ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികനിൽ നിന്ന് 9 കോടി രൂപ തട്ടിയെടുത്തതായി പരാതി. താക്കൂർദ്വാർ സ്വദേശിയായ 85 വയസ്സുകാരനെയാണ് സൈബർ തട്ടിപ്പ് സംഘം കബളിപ്പിച്ചത്. മുംബൈ പൊലീസെന്ന വ്യാജേന സമീപിച്ച തട്ടിപ്പുകാരാണ് വയോധികനെ കബളിപ്പിച്ചത്. കഴിഞ്ഞ നവംബർ 28-നാണ് തട്ടിപ്പിന്റെ ആരംഭം. നാസിക് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണെന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തിയാണ് വയോധികനെ ആദ്യമായി ഫോണിൽ വിളിച്ചത്.
വയോധികന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും, ഈ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കുകയും നിരോധിത സംഘടനയായ പി.എഫ്.ഐക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം കൈമാറുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തി. സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) കേസ് അന്വേഷിക്കുകയാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഇയാൾ വയോധികനെ വിശ്വസിപ്പിച്ചു.
തുടർന്ന്, യൂണിഫോം ധരിച്ച ഒരാൾ വാട്സ്ആപ്പ് വഴി വയോധികനെ വീഡിയോ കോൾ ചെയ്യുകയും 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ വരാതെ തന്നെ അന്വേഷണം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ കെണി ഒരുക്കിയത്. സംഭവത്തിൽ ഭയന്നുപോയ വയോധികൻ തന്റെ ബാങ്ക് ബാലൻസ്, മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപം, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയുടെ വിശദാംശങ്ങൾ തട്ടിപ്പുകാർക്ക് കൈമാറി.
അന്വേഷണത്തിന്റെ ഭാഗമായി സുപ്രീം കോടതിയുടെയും ആർ.ബി.ഐയുടെയും പേരിലുള്ള വ്യാജ രേഖകൾ അയച്ചുനൽകിയ തട്ടിപ്പുകാർ, നിക്ഷേപങ്ങളെല്ലാം കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അന്വേഷണം പൂർത്തിയായാൽ പലിശയടക്കം തിരികെ ലഭിക്കുമെന്നും അറിയിച്ചു. ഇതിനെത്തുടർന്ന്, ഡിസംബർ 1 മുതൽ 17 വരെയുള്ള കാലയളവിൽ വയോധികൻ തന്റെ വിവിധ നിക്ഷേപങ്ങൾ പിൻവലിച്ച് 9 കോടി രൂപ ആർ.ടി.ജി.എസ് (RTGS) വഴി ഐ.സി.ഐ.സി.ഐ, ആക്സിസ്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറി.
ഡിസംബർ 22-ന് വീണ്ടും 3 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് വയോധികന് സംശയം തോന്നിയത്. തുടർന്ന്, അദ്ദേഹം ബാങ്ക് ഓഫ് ഇന്ത്യയുടെ ഗിർഗാവ് ബ്രാഞ്ചിലെത്തി. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ ഇടപാട് തടയുകയും വയോധികന്റെ ബന്ധുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് താൻ വലിയൊരു തട്ടിപ്പിന് ഇരയായ വിവരം വയോധികൻ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്‌ലൈനിൽ വിവരമറിയിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.




