ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പിടിയിലായത് പോലീസിന്റെ സുപ്രധാന നീക്കത്തിലൂടെ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് കൊക്കെയ്ന്‍ ഇടപാടിനിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 53 ഗ്രാം കൊക്കെയ്‌നും പതിനായിരം രൂപയും രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നുള്ള ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ലഹരി ഓർഡർ ചെയ്തിരുന്നത്. ഇതിനായുള്ള പണവും ഓൺലൈനായി ആണ് കൈമാറുന്നത്.

മെയ് 8 നാണ് പ്രതികൾ ഷെയ്ക്പേട്ടിൽ വെച്ച് പിടിയിലാകുന്നത്. മുംബൈയിലെ മയക്കുമരുന്ന് കച്ചവടക്കാരനായ വൻഷ് തക്കറില്‍നിന്നാണ് ഡോ. നമ്രത കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ഡോക്ടര്‍ വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിന്റെ പണവും ഓണ്‍ലൈന്‍ വഴി അയച്ചുനല്‍കി. തുടര്‍ന്ന് വൻഷ് തക്കറിന്റെ ഏജന്റായ ബാലകൃഷ്ണ ഹൈദരാബാദിലെത്തി കൊക്കെയ്ന്‍ കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞിട്ട് പിടികൂടിയത്. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

പരിചയക്കാരനായ വൻഷ് തക്കർ വഴിയാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്ന് നമ്രത പോലീസിനിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ആവശ്യമുള്ളപ്പോഴെല്ലാം വൻഷുമായി ബന്ധപ്പെടുമായിരുന്നു. അയാൾ സ്വയം വരുകയോ ഡെലിവറി ലൊക്കേഷനും എന്റെ കാർ നമ്പറും ഉള്ള ആരെയെങ്കിലും അയയ്ക്കുകയോ ചെയ്യുമായിരുന്നു. തുടക്കത്തിൽ നേരിട്ട് കണ്ടുമുട്ടിയിരുന്നെങ്കിലും പിന്നീട് വ്യത്യസ്ത ആളുകളെ അയച്ചാണ് ലഹരി കൈമാറിയിരുന്നതെന്നും നമ്രത മൊഴി നൽകിയതായി പോലീസ് പറയുന്നു.

സ്പെയിനിൽ എംബിഎ പഠനകാലത്താണ് കൊക്കെയ്ൻ ഉപയോഗം ശീലമാകുന്നത് നമ്രത പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 2017 ൽ കൊച്ചിയിലെ അമൃത സർവകലാശാലയിൽ നിന്ന് റേഡിയേഷൻ ഓങ്കോളജിയിൽ എംഡി പൂർത്തിയാക്കിയ ശേഷം, സ്പെയിനിലേക്ക് താമസം മാറി. അവിടെ വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളോടൊപ്പം ഇടയ്ക്കിടെ കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷവും നമ്രത മയക്കുമരുന്ന് ഉപയോഗിക്കുന്നത് തുടർന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മെയ് 4ന് 50 ഗ്രാം കൊക്കെയ്ൻ ആവശ്യപ്പെട്ട് വൻഷിന് നമ്രത സന്ദേശം അയച്ചു. ഇടനിലക്കാരനായ ബാലകൃഷ്ണയ്ക്ക് 5 ലക്ഷം രൂപ നൽകാൻ അയാൾ നമ്രതയോട് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് മെയ് 8 ന്, ബാലകൃഷ്ണ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് മയക്കുമരുന്നുമായി എത്തി. ഇതിനിടെയാണ് ഇരുവരും പിടിയിലായത്. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഏറെനാളായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 70 ലക്ഷത്തോളം രൂപ മയക്കുമരുന്നിനായി ചെലവഴിച്ചെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. പ്രതികൾക്കെതിരെ 21(ബി), എൻ.ഡി.പിഎസ് ആക്ടിലെ 27 8(സി) എന്നീ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.