പുണെ: പൂണെയില്‍ വന്‍ ഹവാലവേട്ട. പുസ്തകത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് ഹവാല പണവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ 4.01 ലക്ഷം ഡോളര്‍ (3.5 കോടി രൂപ) ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് വിദ്യാര്‍ഥികളെ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ 3 വിദ്യാര്‍ഥികളാണു പിടിയിലായത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇവരുടെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതില്‍ നിന്ന് പണം കൊണ്ടുവന്ന ട്രോളി ബാഗുകള്‍ പുണെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റ് ഖുഷ്ബു അഗര്‍വാളിന്റേതാണെന്ന് മൊഴി നല്‍കി. ''പുണെയില്‍നിന്നു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ്, ദുബായിലെ തന്റെ ഓഫിസില്‍ അടിയന്തരമായി ആവശ്യമുള്ള ഓഫിസ് രേഖകള്‍ ഉണ്ടെന്നു പറഞ്ഞ് ഖുഷ്ബു 2 ബാഗുകള്‍ വിദ്യാര്‍ഥികളെ എല്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ ഈ ബാഗുകളുമായാണു പോയതും തിരിച്ചുവന്നതും. വിദേശ കറന്‍സി ഈ ബാഗുകളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞില്ലെന്നാണു വിദ്യാര്‍ഥികളുടെ മൊഴി.'' എഐയു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

3 യാത്രക്കാരെ ഉപയോഗിച്ച് ഒരാള്‍ ഇന്ത്യയില്‍നിന്നു വിദേശത്തേക്കു 2 ട്രോളി ബാഗുകളില്‍ വന്‍തോതില്‍ വിദേശ കറന്‍സി ഒളിപ്പിച്ചു കടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ട്രോളി ബാഗില്‍ പുസ്തങ്ങള്‍ക്കിടയിലായിരുന്നു പണം. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതിനു പിന്നാലെ ഖുഷ്ബു അഗര്‍വാളിനെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ടു മുംബൈയിലെ വിദേശ പണമിടപാടു സ്ഥാപനത്തിലും പരിശോധന നടന്നു. ഇവിടെനിന്നു 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു. യുഎസ് കറന്‍സി വിതരണം ചെയ്ത മുഹമ്മദ് ആമിര്‍ എന്നയാളെയും അറസ്റ്റ് ചെയ്തു.