അലപ്പുഴ: പൂച്ചാക്കലിലെ രഹസ്യ പ്രസവവും തകഴിയിലെ ചോരകുഞ്ഞിന്റെ മറവ് ചെയ്യലിലും ദുരൂഹതകള്‍ ഏറെ. പോലീസിന് വ്യക്തമായ ചിത്രം ഇനിയും കിട്ടിയിട്ടില്ല. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ കുഴക്കുന്നുണ്ട്.

രണ്ടും മൂന്നും പ്രതികളായ തോമസ് ജോസഫ്, ഇയാളുടെ സുഹൃത്ത് അശോക് ജോസഫ് എന്നിവരുടേതിന് വിഭിന്നമായ മൊഴിയാണ് ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ പാണാവള്ളി ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി (22)യുടേത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ ഡോണ റിമാന്‍ഡില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുമാണ്. ഡോണ ഡിസ്ചാര്‍ജ് ആയ ശേഷമെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഡോണയുടെ ആണ്‍ സുഹൃത്താണ് രണ്ടാം പ്രതി തോമസ് ജോസഫ്. ഇതിന് മുമ്പ് കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി തന്നെ പോലീസിന് കിട്ടും. ഇതോടെ കുട്ടിയുടെ മരണ സമയവും മരണകാരണവും തെളിയും.

കുഞ്ഞ് ജനിച്ചശേഷം ഒരിക്കല്‍ കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മരിച്ചു പോയിരിക്കാമെന്നു കരുതിയെന്നുമാണ് ഡോണയുടെ ഒരു മൊഴി. അമ്മത്തൊട്ടിലില്‍ നല്‍കാനാണ് കുഞ്ഞിനെ തോമസ് ജോസഫിന് കൈമാറിയതെന്നാണ് മറ്റൊരു മൊഴി. മരിച്ചു പോയെന്നു കരുതിയ കുഞ്ഞിനെ എന്തിനാണ് അമ്മത്തൊട്ടിലില്‍ നല്‍കാന്‍ പറഞ്ഞതെന്നത് അവ്യക്തമാണ്. പ്രസവിച്ച ഉടനെ തനിക്ക് ബോധം പോയെന്നും ഏറെ നേരത്തിനു ശേഷമാണ് ബോധം വന്നതെന്നും ഡോണ പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ശുശ്രൂഷയോ, സഹായമോ ഇല്ലാതെ തനിച്ചുള്ള പ്രസവത്തില്‍ സ്വാഭാവികമായും ബോധക്ഷയം ഉണ്ടാകും. ഡോണ കുഞ്ഞിനെ കൈമാറിയപ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന മൊഴിയാണ് തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും കൊടുത്തിരിക്കുന്നത്. പ്രസവ ശേഷം വീടിന്റെ പാരപ്പറ്റിലും പടികള്‍ക്കു താഴെയുമായാണ് കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിച്ചത്. പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് തോമസ് ജോസഫിന് കുഞ്ഞിനെ കൈമാറുന്നത്. തകഴിയില്‍ പാടശേഖരത്തിലെ പുറംബണ്ടിലാണ് മറവ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഡോണ തന്റെ വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. അന്നു അര്‍ധരാത്രിയ്ക്കു ശേഷം തോമസ് ജോസഫും സുഹൃത്ത് അശോകുമെത്തി കുഞ്ഞിനെ കൊണ്ടുപോയി, പിന്നീട് മറവു ചെയ്തു. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പ്രസവ വിവരം വീട്ടുകാര്‍ പോലും അറിയുന്നത്.

രാജസ്ഥാനിലെ ജയ്പൂരിലെ പഠനകാലത്താണ് ഡോണയും തോമസ് ജോസഫും പ്രണയത്തിലായത്. പിന്നീട് ഡോണ തിരുവനന്തപുരത്തെ ജോലി പരിശീലനം നടത്തിയപ്പോഴും പ്രണയം തുടര്‍ന്നു. ഫോറന്‍സിക് സയന്‍സായിരുന്നു ഡോണയുടെ വിഷയം. തോമസ് ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റിനാണ് പഠിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ഇവര്‍ അടുത്തതെന്നാണ് സൂചന.

കസ്റ്റഡിയില്‍ വാങ്ങിയ രണ്ടും മൂന്നും പ്രതികളെ അടുത്തദിവസം ഡോണയുടെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍വിളികളും ചാറ്റ് രേഖകളും പരിശോധിക്കും. കുഞ്ഞിന്റെ മരണം കൊലപാതകമാണോയെന്നറിയാന്‍ മൃതദേഹത്തിന്റെ രാസപരിശോധനാഫലം വരണം.