ഹൈദരാബാദ്: ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടര്‍ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നര്‍ക്കോട്ടിക്‌സ് ബ്യൂറോ (ടിജിഎഎന്‍ബി)യുടെ കണ്ടെത്തല്‍. കാന്‍സര്‍ ചികിത്സാരംഗത്തെ മുന്‍നിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ. നമ്രത ചിഗുരുപതി (34) ആണു കഴിഞ്ഞദിവസം 53 ഗ്രാം കൊക്കെയ്നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്ന്‍ നല്‍കിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായി. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ലഹരി ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന നിലയിലായിരുന്ന നമ്രത.

നമ്രതയ്ക്ക് ലഹരി കൊടുത്തയച്ച വംശ് ധാക്കര്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മുംബൈയില്‍ ഡിജെ ആയ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. മുംബൈയിലെ ഡിജെ പാര്‍ട്ടികളില്‍ വച്ചാണ് നമ്രത ഇയാളെ പരിചയപ്പെട്ടെതെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ഹൈദരാബാദിലെ റായ്ദുര്‍ഗയില്‍ വച്ചാണ് ധാക്കറുടെ വിതരണക്കാരന്‍ ബാലകൃഷ്ണയില്‍നിന്നു നമ്രത ലഹരി വാങ്ങിയത്. ഈ സമയം പൊലീസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 53 ഗ്രാം കൊക്കെയ്ന്‍ 57 ചെറുപാക്കറ്റുകളിലായി നമ്രതയുടെ മിനി കൂപ്പര്‍ കാറിലുണ്ടായിരുന്നു. വാട്‌സാപ് വഴിയാണു നമ്രത ലഹരിമരുന്നിന് ഓര്‍ഡര്‍ നല്‍കിയത്.

നമത്ര നാല് വര്‍ഷത്തിലേറെയായി ലഹരിമരുന്നിന് അടിമയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 2021ല്‍ സ്‌പെയ്‌നില്‍ എംബിഎ പഠിക്കുന്നതിനിടെയാണു ലഹരി ഉപയോഗിച്ചു തുടങ്ങിയത്. 2014ല്‍ തെലങ്കാനയിലെ പീരംചെരുവിലെ ഒരു കോളജില്‍നിന്നാണ് നമ്രത എംബിബിഎസ് പൂര്‍ത്തിയാക്കിയത്. 2017ല്‍ കേരളത്തിലെ കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍നിന്ന് റേഡിയേഷന്‍ ഓങ്കോളജിയില്‍ എംഡിയും പൂര്‍ത്തിയാക്കി. നമത്ര പലപ്പോഴും ഒരു ദിവസം 10 തവണ വരെ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നു. അമിതമായ ആസക്തിയെ തുടര്‍ന്ന് രാത്രിയില്‍ ഉറക്കമെഴുന്നേറ്റ് പോലും ലഹരി ഉപയോഗിച്ചിരുന്നു. ഉറക്കഗുളികളും കഴിച്ചിരുന്നു'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവാഹമോചിതയായ നമ്രതയ്ക്ക്, 2 കുട്ടികളുണ്ട്. ഇതുവരെ 70 ലക്ഷം രൂപ ലഹരിക്കായി ചെലവിട്ടിട്ടുണ്ടെന്ന് പൊലീസിനോടു നമ്രത സമ്മതിച്ചു. ഒരു കോടി രൂപയോളം വിലവരുന്ന സ്വത്ത് ഇതിനായി വിറ്റു. കഴിഞ്ഞമാസം നമ്രതയുടെ വീട്ടിലെത്തിയ പൊലീസ്, ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും എത്രയും വേഗം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കുടുംബത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

പതിവായി കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്ന ഡോ. നമ്രത ഏറെനാളായി പോലീസിന്റെയും തെലങ്കാന ആന്റി നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെയും നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലാകുന്നതിന് 20 ദിവസം മുമ്പ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി ഇതേക്കുറിച്ച് സംസാരിക്കുകയുംചെയ്തു. വനിതാ ഡോക്ടര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും എത്രയുംവേഗം ഇവരെ ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റണമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് വീട്ടിലെത്തി പറഞ്ഞത്. എന്നാല്‍, വീട്ടിലെത്തിയ പോലീസുകാരോട് ഡോ. നമ്രത തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് മയക്കുമരുന്ന് ഇടപാടിനിടെ പോലീസ് സംഘം ഇവരെ 53 ഗ്രാം കൊക്കെയ്നുമായി പിടികൂടിയത്.

മുംബൈയില്‍നിന്ന് കൊക്കെയ്നുമായി എത്തിയ ഇടനിലക്കാരനായ ബാലകൃഷ്ണ ഇത് ഡോക്ടര്‍ക്ക് കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞത്. ഡോക്ടറുടെ മിനികൂപ്പര്‍ കാറില്‍വെച്ചായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്. 57 ചെറിയ പാക്കറ്റുകളിലാക്കിയനിലയിലാണ് കാറില്‍നിന്ന് പോലീസ് കൊക്കെയ്ന്‍ കണ്ടെടുത്തത്.

വാട്സാപ്പ് വഴിയാണ് ഡോ. നമ്രത കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. മുംബൈയിലെ ലഹരിക്കച്ചവടക്കാരനായ വംശ് ധാക്കറുമായുള്ള വാട്സാപ്പ് ചാറ്റുകളില്‍ ചിലത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ഡോക്ടറുടെ വാട്സാപ്പില്‍ 'ഡിസപ്പീയറിങ് മെസേജസ്' ഓപ്ഷന്‍ ഓണായിരുന്നതിനാല്‍ നേരത്തേയുള്ള പലസന്ദേശങ്ങളും കണ്ടെടുക്കാനായില്ല. വിദഗ്ധ പരിശോധനയിലൂടെ ഇവയെല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ 'ഒമേഗ ഹോസ്പിറ്റല്‍സി'ന്റെ സിഇഒയായിരുന്നു ഡോ. നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹനവംശിയുടെ മകളാണ്. കാന്‍സര്‍ ചികിത്സ നല്‍കിയിരുന്ന ഒമേഗ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇവര്‍.

2014-ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ നമ്രത 2017-ല്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ എംഡിയെടുത്തു. ഇതിനുശേഷം 2021-2022 കാലയളവില്‍ സ്പെയിനില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. സ്പെയിനിലെ പഠനകാലത്താണ് പ്രതി മയക്കുമരുന്നിന് അടിമയായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഡോ. നമ്രതയെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതായി ഒമേഗ ഹോസ്പിറ്റല്‍സ് അറിയിച്ചു.