- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കഞ്ചാവ് വിൽപ്പനെയപ്പറ്റി എക്സൈസിന് വിവരം നൽകിയതിൽ പ്രതികാരം; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു; ഒരു മാസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല; പോലീസിന്റെ കണ്ണ് വെട്ടിച്ച് ലഹരി സംഘം; തിരുവനന്തപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു
തിരുവനന്തപുരം: വെള്ളനാട് യുവാക്കളെ സംഘം ചേർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. കഞ്ചാവ് വിൽക്കുന്ന വിവരം എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായിരുന്നു അക്രമം. കുളക്കോട് കീഴേകുഴിവിളാകത്തിൽ അനീഷ് ചന്ദ് (32), സുഹൃത്ത് കിടങ്ങുമ്മൽ അനന്ദ ഭവനിൽ അരുൺ (29) എന്നിവർക്കെതിരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതികൾ സ്‌കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘമാണെന്നാണ് സൂചന. എന്നാൽ കേസിലെ മുഖ്യപ്രതികളെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്ന ആരോപണവുമുണ്ട്.
അലൻ, വെള്ളനാട് സ്വദേശി സച്ചു, കമ്പനിമുക്ക് സ്വദേശി സച്ചു, കണ്ടാലറിയാവുന്ന മറ്റ് 7 പേർക്കും എതിരെയായിരുന്നു അരുവിക്കര പോലീസ് കേസെടുത്തത്. അരുണിന് തലയ്ക്കും, ഇടത് കാലിനും, രണ്ട് കൈയിലുമാൻ വെട്ടേറ്റത്. അനീഷ് ചന്ദിന് തലയ്ക്കും, വലത് കൈയ്ക്കും വെട്ടേൽക്കുകയും, ശരീരമാസകലവും പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 11നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. രാത്രി 11.15ഓടെയാണ് അക്രമമുണ്ടായത്. കുളക്കോട്ടെ ഒരു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ശേഷം വാഹനത്തിൽ നിന്നും ലൈറ്റുകൾ അഴിക്കുന്നതിനിടെയാണ് ആക്രമണം.
വെട്ടുകത്തികൾ, ഇരുമ്പ് പൈപ്പുകൾ, ആണി അടിച്ച തടികൾ എന്നീ മാരകയുധങ്ങളുമായാണ് സംഘം അക്രമണം നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ അലനാണ് അക്രമത്തിന് തുടക്കമിട്ടത്. അനീഷ് ചന്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പിക്കപ്പ് വാനിൽ നിന്നും അനീഷിനെ വിളിച്ചിറക്കി കയ്യിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയായിരുന്നു. അനീഷിന്റെ നിലവിളി കേട്ടെത്തിയ സുഹൃത്തുക്കളെയും അക്രമി സംഘം വെറുതെ വിട്ടില്ല. അക്രമം ചോദ്യം ചെയ്ത പരാതിക്കാരന്റെ സുഹൃത്തായ അരുണിനെയും അലൻ ഇരുമ്പ് പൈപ്പ് കൊണ്ട് ക്രൂരമായി മർദിച്ചു.
ശേഷം കേസിലെ മൂന്നാം പ്രതിയായ സച്ചു വെട്ടുകത്തികൊണ്ട് അരുണിൻറെ തലയിൽ വെട്ടി. ആക്രമത്തിൽ അരുണിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 189(2),189(4),190,329(3), 126(2),115(2),118(1), 118(2),109 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ 6 പ്രതികളെ പോലീസിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അലനെ പിടികൂടാൻ പോലീസിനായിട്ടില്ല. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.