കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമയില്‍ പീഡന ആരോപങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയും അതിന്‍മേല്‍ കേസെടുക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലും വലിയ തോതില്‍ ചര്‍ച്ചയായത് പീഡന ആരോപണങ്ങളാണ്. ഇതാണ് സജീവമായി ചര്‍ച്ചകളില്‍ നിറഞ്ഞത്. എന്നാല്‍, ഹേമ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നത് ഷൂട്ടിംഗ് ലൊക്കഷനുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചാണ്. വന്‍തോതില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിലും ഇതിലേക്ക് വേണ്ടത്ര ശ്രദ്ധ പോയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

മലയാള സിനിമാ മേഖലയില്‍ നടന്ന ഭൂരിഭാഗം കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ലഹരി പ്രധാന വില്ലനായെത്തുന്‌പോഴും അതിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയുണ്ട്. സിനിമാ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരായ പീഡന പരാതികള്‍ പുറത്തുവരുകയും കുറ്റക്കാര്‍ക്കെതിരേ നടപടി ശക്തിപ്പെടുത്തുകയും ചെയ്തിട്ടും ലഹരിസംഘങ്ങള്‍ സുഖജീവിതം തുടരുകയാണ്.

മദ്യപാനത്തിനോ ലഹരി ഉപയോഗത്തിനോ ശേഷമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും ചില യുവ നടന്മാര്‍ ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നും കണ്ടെത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള പീഡന പരാതികളില്‍ അന്വേഷണത്തിന് പ്രത്യേക സംഘം എത്തുമ്പോഴും ലഹരിക്കേസുകളില്‍ അന്വേഷണത്തെക്കുറിച്ച് സര്‍ക്കാരും മിണ്ടുന്നില്ല. ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും പരിശോധനയും അന്വേഷണവും ചെറുസംഘങ്ങളിലൊതുങ്ങുകയാണ് പതിവ്.

ചില പുതു സിനിമകളുടെ സെറ്റുകളില്‍ പരസ്യമായ ലഹരി ഉപയോഗം നടക്കുന്നതായും സിനിമകളുടെ ഷൂട്ടിങ് അവസാനിക്കുമ്പോള്‍ പാക്കപ്പ് പാര്‍ട്ടികള്‍ നടത്തുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിരമായി ലഹരി എത്തിച്ചു നല്‍കുന്ന സംഘങ്ങളുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ പോലീസ്-എക്‌സൈസ് സംഘത്തിന്റെ പക്കലുണ്ടെങ്കിലും ലൊക്കേഷനുകളില്‍ കയറിയുള്ള പരിശോധനയ്ക്ക് ഇവര്‍ തയ്യാറല്ല.

സിനിമ സെറ്റുകളില്‍ ലഹരിസംഘങ്ങള്‍ വേരുറപ്പിച്ചിട്ട് ഒരു പതിറ്റാണ്ടിലധികമായി. കൊക്കെയ്നുമായി നടന്മാരുള്‍പ്പെട്ട സംഘത്തെ പത്ത് വര്‍ഷം മുന്‍പ് പിടികൂടിയതോടെയാണ് രാസലഹരി പിടിമുറുക്കുന്ന വിവരം പുറത്തുവരുന്നത്. പിന്നീടും അണിയറ പ്രവര്‍ത്തകരും നടന്മാരുമൊക്കെ പിടിയിലായി. ഇതൊക്കെ ലൊക്കേഷനു പുറത്തുള്ള അറസ്റ്റുകളാണ്. ലൊക്കേഷനുകളിലും കയറി പരിശോധന നടത്തുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ജലരേഖയായി.

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നടന്‍ ടിനി ടോം നേരത്തേ തുറന്നടിച്ചത് ചര്‍ച്ചയായിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു അന്ന് ടിനി പറഞ്ഞത്. തുടര്‍ന്ന് സിനിമാ സംഘടനകള്‍ സെറ്റുകളിലും ലൊക്കേഷനുകളിലും നിയന്ത്രണമേര്‍പ്പെടുത്തുകയും അണിയറ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും ഇടപാടുകളും നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സെറ്റുകളില്‍ പോലീസിനെ വിന്യസിക്കാനും ലൊക്കേഷനുകളിലെ അണിയറ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും മിന്നല്‍ പരിശോധന നടത്താനും പോലീസ് പദ്ധതിയിട്ടിരുന്നു. ഈ നിര്‍ദേശത്തെ സിനിമാ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്‌തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഷൂട്ടിങ് സെറ്റുകളിലും കാരവാനിലും നിരീക്ഷണത്തിന് ഷാഡോ പോലീസിനെ നിയോഗിക്കാനുള്ള നീക്കവും തണുത്തുറഞ്ഞു.