കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ചു കടത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് കണ്ടെത്തിയത് നിര്‍ണ്ണായകം. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ ബന്ധുവിന്റെ ഫ്‌ലാറ്റില്‍നിന്നാണു വാഹനം കണ്ടെത്തിയത്. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് സംഘം ദുല്‍ഖറിന്റെ പനമ്പിള്ളിയിലെയും ചെന്നൈയിലെയും വീടുകളില്‍ ഈ വാഹനം തേടി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ കൊച്ചിയില്‍ പരിശോധന തുടരുന്നതിനിടെയാണ് നിസാന്‍ പെട്രോള്‍ വാഹനം കണ്ടെത്തിയത്. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയുടെ മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ഇനിയും വാഹനങ്ങള്‍ കസ്റ്റംസിന് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള റെയ്ഡുകള്‍ ഇന്നും തുടരുകയാണ്.

ഇബ്രാഹീംകുട്ടിയുടെ മകളുടെ ഭര്‍ത്താവാണ് അംജിത് കരിമിന്റെ ഫ്‌ളാറ്റിലേക്ക് അതീവ രഹസ്യമായാണ് കസ്റ്റംസ് എത്തിയത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ഈ കാര്‍ പിടിച്ചെടുത്തുവെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റംസിന് വാഹനം കിട്ടിയിരുന്നില്ല. വാര്‍ത്ത വന്നതോടെയാകും മുമ്പിലത്തെ നമ്പര്‍ പ്ലേറ്റ് ഇളക്കമാറ്റി സുരക്ഷിത കേന്ദ്രത്തിലേക്ക് കാര്‍ മാറ്റിയതെന്നും വിലയിരുത്തലുണ്ട്. ചുവന്ന നിറത്തിലുള്ള കാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ ഫ്‌ളാറ്റില്‍ അതീവ രഹസ്യമായി ഇട്ടരിക്കുകയായിരുന്നു. നാഷണല്‍ എംമ്പയേഴ്‌സ് ഗാര്‍ഡന്‍ എന്ന ഫ്‌ളാറ്റ് സമുച്ഛയത്തിന്റെ കാര്‍ പാര്‍ക്കിംഗിലാണ് കിടന്നിരുന്നത്. ഈ കാറിന്റെ ഫസ്റ്റ് ഓണര്‍ ഇന്ത്യന്‍ ആര്‍മിയാണെന്നാണ് രേഖ. രണ്ടാമത്തെ ഓര്‍ണര്‍ സഞ്ജയ് എന്നൊരാളാണ്. മൂന്നാമത്തെ ഉടമസ്ഥനാണ് രേഖകളില്‍ ദുല്‍ഖര്‍. നാഷണല്‍ എംമ്പയേഴ്‌സ് ഗാര്‍ഡന്‍ ഒരു അധോലോക സംഘ താവളം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സംശയമുണ്ട്. കാര്‍ പിടിച്ചെടുത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയവരെ തടയാനും ആക്രമിക്കാനും ശ്രമമുണ്ടായി.

ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം നേടിയത്. ഈ വാഹനത്തിന്റെ രേഖകളെല്ലാം നേരത്തെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്‍ മാത്രം കണ്ടെത്തിയില്ല. ഇതിനിടെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിനെ അടക്കം പുതിയ വാഹനം കണ്ടെത്തിയത് സ്വാധീനിച്ചേക്കും. ഓപ്പറേഷന്‍ നുംഖോറില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതിലൊന്നാണ് ഇപ്പോള്‍ കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്ളാറ്റില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയുള്ള കസ്റ്റംസിന്റെ നീക്കം നടനും ഞെട്ടലായി. ലക്കി ഭായി സിനിമയിലും ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ നുംഖോര്‍' ഭാഗമായിട്ടാണ് കസ്റ്റംസ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ദുല്‍ഖര്‍ നിര്‍മ്മിച്ച കിങ് ഓഫ് കോത്തയടക്കം ചില സിനിമകളില്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ ചിത്രീകരണത്തിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ദുല്‍ഖറിന്റെ സുഹൃത്തുക്കളായ നിര്‍മ്മാതാക്കളുടെ ചിത്രങ്ങളായ ഭീഷ്്മപര്‍വ്വത്തിലും, റൈഫിള്‍ ക്ലബ്ബിലും ഇത്തരം കള്ള വണ്ടികള്‍ ഉപയോഗിച്ചതായി കസ്റ്റംസ് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കസ്റ്റംസ് സ്ഥലത്തെത്തി, പരിശോധന നടത്തിയാണ് വാഹനം കണ്ടെത്തിയത്. ഓപ്പറേഷന്‍ നുംഖോറിന്റെ ആദ്യ ദിവസം ഈ വാഹനം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലു സാധിച്ചിരുന്നില്ല. ഈ വാഹനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും, വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമനടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ വിധി നിര്‍ണായകമാകും.