ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. തിങ്കളാഴ്ച രാത്രി ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഫൈസിയെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും സമഗ്രമായ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 56.56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടു കെട്ടിയിരുന്നു. . വിവിധ പിഎഫ്‌ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത് . രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാമ്പത്തിക സഹായം നല്‍കാനും പിഎഫ്‌ഐയും അതിന്റെ അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി ഇഡി അറിയിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മു കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ സ്വത്തുക്കള്‍ . ഇവ സംഘടനയുടെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും ഇഡി വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സംഘടന ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വ്യാജ ദാതാക്കളില്‍ നിന്ന് പണം ശേഖരിച്ചു, അത് ഹവാലയായി ഇന്ത്യയിലേക്ക് കടത്തി തുടങ്ങിയ കണ്ടെത്തലും അന്ന് ഇഡി നടത്തിരുന്നു. പിഎഫ്‌ഐക്ക് 13,000-ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). സിങ്കപ്പുര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ മലപ്പുറം മഞ്ചേരിയിലെ സത്യസരണി, മതപരിവര്‍ത്തന കേന്ദ്രമെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. ഇ ഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്.

മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്മ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മഞ്ചേരിയിലെ സത്യസരണി, വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇ ഡി വ്യക്തമാക്കിയരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പണത്തിന്റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. ഇവയുടെ ശരിയായ ഉറവിടം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇഡി വ്യക്തമാക്കിയരുന്നു. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്.