കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ ഇ.ഡി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. അവര്‍ക്ക് ചില സംശങ്ങളുണ്ടായിരുന്നു, എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ ഇ.ഡി ആവിശ്യപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. സൗഹാര്‍ദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു. എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ രേഖകളൊന്നും ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്നും' ജയറാം പറഞ്ഞു.

ജയറാമിനെ കൂടാതെ കല്‍പേഷിനേയും ഇ.ഡി ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കല്‍പേഷിന്റെ ചോദ്യം ചെയ്യല്‍ പുരഗോമിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പൂജയില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിന് ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണ് പോറ്റിക്കൊപ്പമുള്ള പൂജയെ കാണുന്നതെന്നും ജയറാം പറഞ്ഞു.

12 പേര്‍ക്കാണ് ഇ.ഡി സമന്‍സ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേരാണ് എസ്.ഐ.ടിയുടെ പ്രതികള്‍. ശബരിമലയിലെ സ്വര്‍ണ കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വിവിധയിടങ്ങളില്‍ എത്തിച്ച് പൂജ ചെയ്തതില്‍ പോറ്റിയുള്‍പ്പെടെയുള്ളവര്‍ പണം സമ്പാദിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. എസ്.ഐ.ടി അന്വേഷണം വന്നപ്പോള്‍ തന്നെ, താന്‍ ഇതിന് പണം നല്‍കിയിട്ടില്ലെന്നും പോറ്റിയുമായി ചെന്നൈയില്‍ വെച്ചുള്ള പരിചയത്തിന്റെ പുറത്താണ് സ്വര്‍ണം തന്റെ വീട്ടില്‍ കൊണ്ട് വന്ന് പൂജ ചെയ്തതെന്നും ജയറാം പറഞ്ഞിരുന്നു.

അറ്റകുറ്റപ്പണികള്‍ക്കായി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതില്‍പ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീര്‍ഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദീകരണമാണ് ഇ ഡി തേടുക. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.ജയറാമും പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇ ഡി നടപടി.

സ്വര്‍ണവാതില്‍, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2019ല്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 മാര്‍ച്ച് മാസത്തിലാണ് പുതിയ വാതില്‍ സമര്‍പ്പിക്കുന്നത്. ജൂണ്‍ മാസത്തില്‍ കട്ടിളപ്പാളി നിര്‍മ്മിച്ചു. സെപ്തംബറില്‍ ദ്വാരപാലക പാളികള്‍ സമര്‍പ്പിച്ചു. ഇതേ സമയത്ത് നടന്‍ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടക്കുന്ന പൂജയില്‍ ജയറാം പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.