- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയെന്ന പേരുകേട്ടാല്‍ സര്‍വ്വരും വിറയ്ക്കും; പേടി മുതലെടുത്ത് ഇഡി ചമഞ്ഞ് കര്‍ണാടകയിലെ ബീഡി കമ്പനി ഉടമയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തത് 45 ലക്ഷം; തട്ടിപ്പുകേസില്‍ പൊക്കിയത് കൊടുങ്ങല്ലൂര്‍ എ എസ് ഐ ഷഹീര്‍ ബാബുവിനെ; വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയത് ആറംഗസംഘം
ഇഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ എഎസ്ഐ കസ്റ്റഡിയില്‍
തൃശ്ശൂര്‍: ഇഡി ചമഞ്ഞ് പണം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ എഎസ്ഐ കസ്റ്റഡിയില്‍. എഎസ്ഐ ഷഹീര്‍ ബാബുവിനെയാണ്( 50) കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് കര്‍ണാടകയിലെ ബീഡി കമ്പനി ഉടമയുടെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഷഹീര്‍ ബാബുവിനെ കര്‍ണാടകയിലേക്ക് പൊലീസ് കൊണ്ടുപോയിരിക്കുകയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം കര്‍ണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കവര്‍ച്ചയില്‍ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം ഇതേ അന്വേഷണസംഘം പിടികൂടിയിരുന്നു. ഷഹീര്‍ കവര്‍ച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. കൂട്ടാളികളില്‍ 3 പേര്‍ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇയാള്‍ ഇടയ്ക്കിടെ അവധിയെടുത്തു മാറിനിന്നു. കൂട്ടാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കണ്ടെത്തിയത്
കഴിഞ്ഞ ജനുവരി മൂന്നിനാണ് സംഭവം. ദക്ഷിണ കന്നഡ ജില്ലയില്‍ ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആറുപേര്‍ ഒരു ബിസിനസുകാരന്റെ വസതിയില്‍ നിന്ന് 45 ലക്ഷം തട്ടിയെടുത്തിരുന്നു. തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുള്ള കാറില്‍ എത്തിയ സംഘം ബീഡി കമ്പനി ഉടമയായ എം സുലൈമാന്റെ കോല്‍നാടിലെ വസതിയില്‍ രാത്രി 8 മണിയോടെയാണ് എത്തിയത്. ഇഡി ഉദ്യോഗസ്ഥരെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. വീട്ടില്‍ തിരച്ചില്‍ നടത്താന്‍ വാറണ്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമായിരുന്നു വ്യാജ റെയ്ഡ്.
സുലൈമാന്റെ മുറിയിലെ അലമാരിയില്‍ പണം ഇരിക്കുന്നത് കണ്ടെത്തിയ സംഘം അത്രയും വലിയ തുക വീട്ടിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് വിരട്ടി. 45 ലക്ഷത്തോളം വരുന്ന തുക അവര്‍ പിടിച്ചെടുത്തു. ഇഡി ഓഫീസില്‍ നിന്ന് തുക തിരിച്ചുവാങ്ങിക്കൊള്ളാനും നിര്‍ദ്ദേശിച്ചു. രാത്രി 10.30 ഓടെ വീട് വിട്ട സംഘം മൊബൈലുകളും കൊണ്ടുപോയി.
പിന്നീട് കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ചതാണെന്ന് സുലൈമാന് മനസ്സിലായത്. ഉടന്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. വിട്ട്‌ള പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.