- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരുലക്ഷം രൂപയ്ക്ക് നിക്ഷേപകര്‍ക്ക് മാസം ആയിരം രൂപ വീതം പലിശ; അപ്പോളോ ഗോള്‍ഡ് പദ്ധതി വഴി കോടികളുടെ തട്ടിപ്പ്; ഡിമോറ എന്ന പേരില്‍ വമ്പന്‍ ഹോട്ടലുകള്‍ തുടങ്ങിയ ശേഷം നിക്ഷേപം മടക്കി നല്‍കാതെ തട്ടിപ്പ്; അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി
അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി
കൊച്ചി: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിവിധ അക്കൗണ്ടുകളിലായുള്ള 52.34 ലക്ഷം രൂപ ഇ ഡി മരവിപ്പിച്ചു. ഇ.ഡി നടത്തിയ റെയ്ഡില്‍ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും അടക്കം 11 സ്ഥലങ്ങളിലാണ് ഈ മാസം 17ന് ഇ.ഡി റെയ്ഡ് നടത്തിയത്.
അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ മൂസ ഹാജി ചരപ്പറമ്പില്‍, ബഷീര്‍ തുടങ്ങിയവരടക്കമുള്ള ഡയറക്ടര്‍മാര്‍ ചേര്‍ന്ന് നിക്ഷേപകരെ പലിശ അടക്കം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു എന്ന പരാതിയില്‍ കേരള പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡി നടപടി. നിക്ഷേപ തട്ടിപ്പ് നടത്തുകയും ഈ തുക ഹോട്ടല്‍ ബിസിനസിലേക്ക് വകമാറ്റുകയുമാണ് ഉടമസ്ഥര്‍ ചെയ്തത് എന്ന് ഇ.ഡി പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് അപ്പോളോ ഗോള്‍ഡില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെടുകയായിരുന്നു.
അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ 'അപ്പോളോ ഗോള്‍ഡ്' എന്ന നിക്ഷേപ പദ്ധതി വഴിയായിരുന്നു തട്ടിപ്പ് എന്ന് ഇ.ഡി പറയുന്നു. ഇതില്‍ നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്ക്കും നിക്ഷേപകര്‍ക്ക് മാസം 1000 രൂപ വീതം പലിശ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 12 മാസം കഴിയുമ്പോള്‍ നിക്ഷേപകര്‍ക്ക് നിക്ഷേപ തുക പൂര്‍ണമായി പിന്‍വലിക്കാം. പദ്ധതിയില്‍ 12 മാസത്തിനു ശേഷവും നിക്ഷേപം തുടരുന്നവര്‍ക്ക് അപ്പോളോ ജ്വല്ലറിയില്‍ നിന്നുള്ള ലാഭവിഹിതം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ ഈ വാഗ്ദാനങ്ങള്‍ പാലിച്ചിരുന്ന ഡയറക്ടര്‍മാര്‍ 2020 മുതല്‍ പലിശയോ നിക്ഷേപ തുകയോ തിരിച്ചു നല്‍കാതായി. മൂസ ഹാജി ചരപ്പറമ്പില്‍ ഇതിനു പിന്നാലെ ഒളിവില്‍ പോയി. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് 42 എഫ്‌ഐആറുകള്‍ കൂടി റജിസ്റ്റര്‍ െചയ്തു.
നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ അപ്പോളോ ജ്വല്ലറി ഗ്രൂപ്പ് വാങ്ങിയിട്ടുണ്ടെന്നും പലിശ പോലും നല്‍കിയിട്ടില്ലെന്നും ഇ.ഡി. അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരത്തില്‍ 82.90 കോടി രൂപയോളമാണ് അപ്പോളോ ജ്വല്ലറി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികള്‍ പിരിച്ചെടുത്തിട്ടുള്ളത്. നിലവില്‍ ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിനിടെയാണ്, മൂസ ഹാജി ചരപ്പറമ്പിലും മറ്റുള്ളവര്‍ക്കും സമാന ഗ്രൂപ്പ് എന്ന കമ്പനിയില്‍ വലിയ തോതിലുള്ള നിക്ഷേപമുള്ളതായി കണ്ടെത്തിയത്. അപ്പോളോ ഗ്രൂപ്പ് വഴി തട്ടിയെടുത്ത കോടികള്‍ സമാന ഗ്രൂപ്പില്‍ നിക്ഷേപിക്കുകയും ഈ പണമുപയോഗിച്ച് അപ്പോളോ ഷോപ്പിങ് മാള്‍ എല്‍എല്‍പി, ട്രിവാന്‍ഡ്രം അപ്പോളോ ബില്‍ഡേഴ്‌സ് പ്രൈ.ലിമിറ്റഡ് എന്നീ കമ്പനികള്‍ രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ കീഴില്‍ കോഴിക്കോടും തിരുവനന്തപുരത്തും ഡിമോറ എന്ന പേരില്‍ വമ്പന്‍ ഹോട്ടലുകള്‍ തുടങ്ങുകയും ചെയ്‌തെന്ന് ഇ.ഡി. പറയുന്നു.