കൊച്ചി: സപ്ലൈകോയിലെ തേയില ലേലത്തില്‍, വ്യാജ കമ്പനികളെ മറയാക്കി കോടികളുടെ ക്രമക്കേട് നടത്തിയ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. തേയിലയുടെ ഇ-ലേലത്തില്‍ ഡമ്മി കമ്പനികളുടെ പേരില്‍ പങ്കെടുത്ത് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.

കേസില്‍ സപ്ലൈകോ തേയില ഡിവിഷന്‍ ഡെപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ഹെലിബെറിയ തേയില എസ്റ്റേറ്റ്, സപ്ലൈകോ മുന്‍ കരാര്‍ ജീവനക്കാരന്‍ അശോക് ഭണ്ഡാരി എന്നിവരുടെ ഇടുക്കി, എറണാകുളം ജില്ലകളിലെ 7.94 കോടിയുടെ സ്വത്ത് ജനുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഷെല്‍ജി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. നിലവാരം കുറഞ്ഞ തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നാണ് സപ്ലൈകോ വ്യവസ്ഥ. എന്നാല്‍ സപ്ലൈകോയിലെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വിജിലന്‍സിന്റെ, തിരുവനന്തപുരത്തെ പ്രത്യേക യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡി അന്വേഷണം നടന്നത്. ടീ ബോര്‍ഡ് നടത്തുന്ന ഇ-ലേലത്തിലൂടെയാണ് സപ്ലൈകോ തേയില വാങ്ങിയത്. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ സ്വന്തം തോട്ടങ്ങളിലോ ഫാക്ടറികളിലോ ഉല്‍പാദിപ്പിച്ച തേയില മാത്രമേ സ്വന്തം പേരില്‍ വില്‍ക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍, 2019ല്‍ നടന്ന ലേലത്തില്‍ മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച നിലവാരം കുറഞ്ഞ തേയില ഹെലിബെറിയ കമ്പനിയുടേതെന്ന പേരില്‍ വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ സപ്ലൈകോക്ക് വിറ്റു.

ഇതിനെക്കാള്‍ ഉയര്‍ന്ന വില നിര്‍ദേശിച്ച ലേലത്തില്‍ പങ്കെടുത്ത കമ്പനികളെല്ലാം വ്യാജമായിരുന്നു. ഷെല്‍ജിയും അശോക്ഭണ്ഡാരിയും ഹെലിബെറിയ കമ്പനിയും ചേര്‍ന്ന് ഒത്തുകളിച്ചാണ് വെട്ടിപ്പ് നടത്തിയത്.

2017 ജനുവരി മുതല്‍ 2019 ജൂണ്‍ വരെയാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവില്‍ നടന്ന 133 ഇ-ലേലങ്ങളില്‍ പ്രതികള്‍ ആസൂത്രിതമായി നടത്തിയ ക്രമക്കേട് വഴി സപ്ലൈകോക്ക് 8.91 കോടിയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, നഷ്ടം 1.5 കോടി എന്നായിരുന്നു സപ്ലൈകോ വിജിലന്‍സ് കണ്ടെത്തല്‍. ലേലത്തിലെ ക്രമക്കേട് വഴി ഷെല്‍ജി 2.66 കോടിയുടെയും അശോക് ഭണ്ഡാരി 1.26 കോടിയുടെയും നേട്ടമുണ്ടാക്കിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലന്‍സ് ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.