കൊച്ചി: ഡാര്‍ക്ക് വെബ്ബിലെ ലഹരി കിംഗായി മാറിയ എഡിസന്റെ പണ സമ്പാദന വഴികള്‍ തേടി നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. പത്ത് വര്‍ഷത്തോളമായി എഡിസന്‍ ലഹരി ഇടപാടുകള്‍ ഡാര്‍ക്ക് നെറ്റ് വഴി നടത്തിയിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍. ലഹരിപ്പണം പോയ വഴികളിലൂടെ അന്വേഷണം മുറുകുമ്പോള്‍ കൂടുതല്‍ പേരുടെ പങ്കാളിത്തവും പുറത്തുവരുമെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന സൂചന.

എഡിസനില്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ ലഹരി വില്‍പ്പന നടത്തിയിരുന്നില്ല. പകരം വിവിധ സംസ്ഥാനങ്ങളിലാണ് ഓപ്പറേഷന്‍ നടത്തിയത്. അതും തന്റെ മാര്‍ക്ക് പതിയാതെ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ ചെറിയ പാളിച്ച വന്നതോടെ അവിടേക്ക് എന്‍സിബി എത്തി. എഡിസന്റെ പക്കല്‍ നിന്നും ലഹരി മരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളില്‍ എന്‍സിബി പരിശോധന നടത്തുന്നുണ്ട്. തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുണ്‍ തോമസിനെയും കസ്റ്റഡിയില്‍ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് എന്‍സിബി കരുതുന്നത്. ഇപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ് ഇരുവരും.

ഇവര്‍ക്ക് പുറമെ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പാഞ്ചാലിമേട് റിസോര്‍ട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയില്‍ എടുക്കാനും എന്‍സിബി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തോളമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവമാണെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷമാണ് ഡാര്‍ക്ക്‌നെറ്റിലൂടെ ലഹരി മരുന്ന് വില്‍ക്കുന്നതിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ലഹരി വില്‍പനക്കാരനായി മാറുന്നതും.

ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാള്‍ യുഎസിലും എഡിസന്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ജോലിക്കിടയില്‍ സ്വന്തമായി ഉപയോഗിച്ചു തുടങ്ങിയ ലഹരി പിന്നീട് വില്‍പ്പനാ വഴിയിലേക്ക് തിരിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. വിദേശത്തു നിന്നും എത്തിയതിന് ശേഷമാണ് ലഹരി വില്‍പ്പന സജീവമായയത്.

ഇന്ത്യയിലെ ഡാര്‍ക്ക് വെബ്ബില്‍ 'കെറ്റാമെലോണ്‍' എന്ന പേര് അതിവേഗത്തില്‍ വിശ്വാസ്യത നേടി. ഡാര്‍ക്ക്‌നെറ്റിലെ ലഹരി വില്‍പനക്കാര്‍ക്കിടയില്‍ 'ലെവല്‍ 4'ലെത്തുന്ന അപൂര്‍വതയും എഡിസന്‍ സ്വന്തമാക്കി. ഇതെല്ലാം വില്‍പ്പന മികവിന് തെളിവായി മാറി. രണ്ടു വര്‍ഷത്തിനിടയില്‍ ആറായിരത്തോളം ലഹരി ഇടപാടുകള്‍ എഡിസന്‍ നടത്തിയിട്ടുണ്ടെന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്. തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു എഡിസന്റെ ഇടപാടുകള്‍.

യുകെയിലെ ലഹരി സിന്‍ഡിക്കറ്റില്‍നിന്ന് എത്തുന്ന എല്‍എസ്ഡിയും കെറ്റാമിനും പോസ്റ്റല്‍ വഴി സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പോസ്റ്റല്‍ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എന്‍സിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയില്‍ ലഹരി വില്‍പനയിലൂടെ എഡിസന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സിയും 35 ലക്ഷം രൂപ വിലവരുന്ന 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എന്‍സിബി പിടിച്ചെടുത്തിരുന്നു. ട

അതിനു തലേന്ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്‌സലില്‍ നിന്ന് 280 എല്‍എസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു. ഇക്കാലത്തിനിടയില്‍ സമ്പാദിച്ച പണം എന്തു ചെയ്തു എന്നതും എന്‍സിബി അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയില്‍ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടക്കുന്നുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില വരും.

അതേസമയം കുടുംബപരമായി സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു ഇടപാടിലെ പണം എഡിസന്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധ്യത കുറവാണ്. ലഹരി ഇടപാട് വിപുലമാക്കാന്‍ ലഹരിയില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചിരിക്കാം എന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ വിവരങ്ങല്‍ അടക്കം തേടിയാകും എന്‍സിബി കൂടുതല്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നത്. എഡിസന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വിശദമായ പരിശോധനുയം നിര്‍ണായകമാകും.

എഡിസന്റെ കെറ്റാമെലോണ്‍ സിന്‍ഡിക്കറ്റുമായി ബന്ധമില്ലെങ്കിലും റിസോര്‍ട്ട് ഉടമകളായ ദമ്പതികളും ഇയാളും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. ഡിയോളും എഡിസനുമായി അടുത്ത സുഹൃത്തുക്കളാണ്. വിദേശത്തുനിന്നു കൊറ്റാമിന്‍ എത്തിച്ച് ഓസ്‌ട്രേലിയയിലേക്ക് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു ഡിയോള്‍ ചെയ്തിരുന്നത്. 2023ല്‍ ഇത്തരത്തില്‍ വന്ന കെറ്റാമിന്‍ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്ക് അന്വേഷകരെ ഇപ്പോള്‍ എത്തിച്ചത്.

2019മുതല്‍ ഡിയോളിന്റെ നേതൃത്വത്തില്‍ കെറ്റമീന്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 2021-ലാണ് ഡിയോളും അഞ്ജുവും പാഞ്ചാലിമേട്ടിലെത്തുന്നത്. 2023-ല്‍ ഹോംസ്റ്റേ റിസോര്‍ട്ടാക്കി മാറ്റി. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇരുവരെയും കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യും. ഡിയോള്‍, അഞ്ജു എന്നിവര്‍ അറിയാതെയും അവരുടെപേരില്‍ എഡിസന്‍ ലഹരിമരുന്ന് അയച്ചതായും എന്‍സിബി സംശയിക്കുന്നുണ്ട്.