മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേതു മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്‌സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഡോണല്‍ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകളുണ്ടായിരുന്നു. ഇത് മീന്‍ കൊത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതോടെ മരണത്തില്‍ അസ്വഭാവികതകള്‍ ഇല്ലെന്നും പോലീസ് കണ്ടെത്തി. തൊടുപുഴ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

അതേസമയം ക്രിസ്തുമസ് ആഘോഷത്തിന് കാത്തുനില്‍ക്കാതെ തങ്ങളുടെ സഹപാഠികള്‍ അകാലത്തില്‍ പൊലിഞ്ഞതിന്റെ ആഘാഥത്തിലാണ് സഹപാഠികളും ബന്ധുക്കളും അടക്കമുള്ളവര്‍. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വാദിക്കാന്‍ പോയ യാത്രയാണ് രണ്ട് പേരുടെയും ജീവനെടുത്തത്. മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഡോണല്‍ ഷാജിയും അക്‌സ റെജിയും നടന്നാണ് ഇവിടേക്കെത്തിയതെന്നാണ് വിവരം.

കോളജില്‍നിന്നു 3 കി.മീ താഴെ മാത്രമേ ഇവിടേക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അക്‌സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയതെന്നാണ് സൂചന. അധികം ആളുകള്‍ക്കൊന്നും പരിചിതമല്ലാത്ത വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. കാഴ്ചയില്‍ മനോഹരമാണെങ്കിലും കയങ്ങള്‍ നിറഞ്ഞ മേഖലയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. അപകടം പതിയിരിക്കുന്ന ഇടമായതിനാല്‍ തന്നെ മേഖലയിലേക്ക് അധികം സന്ദര്‍ശകര്‍ എത്തിയിരുന്നില്ല.

ഇവിടെയാണ് ഇന്നലെ വൈകീട്ടോടെ വിദ്യാര്‍ഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ ബാഗും ഫോണും മറ്റും കടവില്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്‌നിരക്ഷാ സംഘത്തെയും അറിയിച്ചത്. മലങ്കര ഡാമിലേക്ക് ഒഴുകുന്ന തൊടുപുഴയാറിന്റെ കൈവഴിയാണ് അരുവിക്കുത്ത്. മലങ്കര ഡാമിനു കുറച്ചു മുന്‍പായി തൊടുപുഴ മൂലമറ്റം റോഡില്‍ നിന്നും ഉള്ളിലേക്കുള്ള ഒരു ചെറിയ മണ്‍പാതയിലൂടെ വേണം വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍. ഡോണലും അക്‌സയും ഇതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തിയതെന്നാണ് വിവരം.

വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട കുഴികളും കിടങ്ങുകളും ഉള്ളതിനാല്‍ ഇവിടെ ഇറങ്ങുന്നത് അപകടമാണ്. ഇക്കാര്യം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഇവിടെയില്ല എന്നതും വിദ്യാര്‍ഥികളുടെ മരണത്തിലേക്കു നയിച്ചിരിക്കാം. മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും തന്നെയില്ലെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു.

അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘത്തിനുണ്ടായ സംശയമാണ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ സഹായകമായത്. ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. ആളെ കണ്ടതുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി. പിന്നീട് വൈകീട്ട് നാലുമണിയോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടര്‍ന്നുള്ള അന്വേഷണമാണ് നടുക്കുന്ന ദുരന്തം പുറത്തു കൊണ്ടു വന്നത്.

മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രാദേശിക ചാനല്‍ സംഘത്തിനുണ്ടായ സംശയം പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറഞ്ഞു. ഇദ്ദേഹം വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു.ഡോണലിന്റെയും അക്‌സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തി.