കാസർകോട്: പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചുവെന്ന് ആരോപിച്ച് വാഹനത്തിന്റെ ഉടമയായ സഹോദരിക്കെതിരെ വ്യാജ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വിദ്യാനഗർ പോലീസിന്റെ നടപടി വിവാദത്തിൽ. പോലീസിന്റെ കണ്ടെത്തൽ തെറ്റാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം 19 വയസ്സുകാരിയായ യുവതി കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

കാസർകോട് മേനങ്കോട് സ്വദേശിനിയായ മാജിദ (19) ആണ്, തനിക്കെതിരെ വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. കാസർകോട് ചെർക്കളയിൽ വെച്ചാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരം മാജിദ തന്റെ സ്കൂട്ടറിൽ പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി യാത്ര ചെയ്യുകയായിരുന്നു.

ചെർക്കളയിലെ ഒരു സ്ഥലത്തെത്തിയപ്പോൾ മാജിദ സ്കൂട്ടർ നിർത്തി. അവർ സഹോദരനുമായി വാഹനത്തിൽ നിന്ന് ഇറങ്ങി സമീപത്തേക്ക് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ വ്യക്തമാണ്.

കുറച്ച് സമയത്തിന് ശേഷം മാജിദയുടെ സഹോദരൻ മാത്രം സ്കൂട്ടറിനടുത്ത് തിരികെയെത്തി നിൽക്കുന്ന സമയത്താണ് ഇതുവഴി വന്ന പോലീസ് വാഹനം അവിടെ നിർത്തുന്നത്.

വാഹനം ഓടിച്ചത് ആരാണെന്ന് വ്യക്തമായി ഉറപ്പുവരുത്തുന്നതിന് മുമ്പ് തന്നെ വിദ്യാനഗർ പോലീസ് ഉദ്യോഗസ്ഥർ സ്കൂട്ടർ പിടിച്ചെടുക്കുകയും, പ്രായപൂർത്തിയാകാത്ത സഹോദരനാണ് വാഹനം ഓടിച്ചതെന്ന് ആരോപിച്ച് അതിന്റെ ഉടമയായ മാജിദക്കെതിരെ കേസെടുക്കുകയുമായിരുന്നു.

എന്നാൽ, തന്റെ സഹോദരൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്നും, താനാണ് വാഹനം ഓടിച്ചതെന്നും തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മാജിദയ്ക്ക് ലഭിച്ചു. ഈ ദൃശ്യങ്ങൾ സഹിതമാണ് വിദ്യാനഗർ എസ്.ഐയുടെ നടപടിക്കെതിരെ മാജിദ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നൽകിയത്.

വ്യാജ എഫ്.ഐ.ആർ സംബന്ധിച്ച പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ഉടൻ തന്നെ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.