ന്യൂഡല്‍ഹി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കള്ളക്കേസില്‍, കുടുക്കിയ പ്രതി നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല. സുപ്രീം കോടതിയാണ് ഹര്‍ജി തള്ളിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട. ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജനുവരി 27ന് ഹൈക്കോടതി പ്രതിക്ക് നല്‍കിയ നിര്‍ദ്ദേശം. കേസില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം നല്‍കി നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്


ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയുമായ ലിവിയ ജോസിന്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗില്‍ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നല്‍കിയത്. മെഡിക്കല്‍ എക്സാമിനറുടെ പരാതിയില്‍ ഇത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.

പിന്നീട് ഷീല സണ്ണി ജയിലില്‍ നിന്ന് പുറത്തിറങ്ങി. 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം സംഭവത്തില്‍ വ്യക്തത വന്നത്. ലിവിയ ജോസും നാരായണ ദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് ഇവരെ പ്രതിചേര്‍ത്തത്. എന്നാല്‍ തന്നെ ഷീല സണ്ണി മനപ്പൂര്‍വം കുടുക്കുകയാണെന്നും തന്റെ അച്ഛനോടും അമ്മയോടും ഷീല സണ്ണി 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നുമാണ് ലിവിയ ജോസ് ആരോപിച്ചത്.


സാമ്പത്തിക തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിന്റെ വഞ്ചനാ കേസില്‍ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പിന്നീട് ഇയാള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തില്‍ ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണു നാരായണദാസ് എന്നു പൊലീസ് പറയുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവര്‍ കൂട്ടുപ്രതികളാണ്.

സംഭവം ഇങ്ങനെ:

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.


ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയര്‍ന്നുവന്നത്. ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്ക്കോടതികളില്‍നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.


കേസ് ഇങ്ങനെ:


ചാലക്കുടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്ന് 2023 ഫെബ്രുവരി 27നാണ് എക്സൈസ് പത്രക്കുറിപ്പു പുറത്തിറക്കിയത്. 28നു വലിയ വാര്‍ത്തയായി. ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്താണു ഷീലയുടെ ബ്യൂട്ടി പാര്‍ലര്‍. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബ്യൂട്ടി പാര്‍ലറിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്നും പാര്‍ലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണു ലഭിച്ചതെന്ന് എക്സൈസ് പറയുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ചെറിയൊരു അറയില്‍ 12 സ്റ്റാംപുകള്‍ കണ്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തെന്നും സ്റ്റാംപുകള്‍ കാക്കനാട് റീജനല്‍ ലാബിലേക്കു പരിശോധനയ്ക്കയച്ചെന്നുമായിരുന്നു എക്സൈസ് വിശദീകരണം