മുംബൈ: കേൾവി, സംസാര ശേഷികളില്ലാത്ത 20 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പിതാവിന്റേതുമായി ഒത്തുപോയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയിൽ നടന്ന ഈ കേസിൽ 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. സംഭവത്തിൽ നേരത്തെ ഒരു 17 വയസ്സുകാരനെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഡിഎൻഎ പരിശോധനാ ഫലത്തിൽ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്, സംശയമുള്ള യുവതിയുടെ പിതാവ് ഉൾപ്പെടെ 17 പേരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചതോടെയാണ് പിതാവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.

2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. വിവരം മുത്തശ്ശിയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. സംസാരിക്കാൻ കഴിയാത്തതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ യുവതിക്ക് ആദ്യം സാധിച്ചിരുന്നില്ല.

പൊലീസ് പിതാവിനോട് സംസാരിച്ചപ്പോൾ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം നിഷേധിക്കുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ കൗൺസിലിംഗിന് ശേഷം യുവതി പരാതി നൽകാൻ തയ്യാറാവുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം രണ്ടുപേരെ അറസ്റ്റ് ചെയ്തതെങ്കിലും, ഡിഎൻഎ ഫലം പുറത്തുവന്നതോടെ അന്വേഷണം പിതാവിലേക്ക് നീങ്ങുകയായിരുന്നു. കേസിൽ തുടർ നിയമനടപടികൾ ആരംഭിച്ചു.